pooram

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശനം നാളെ വൈകിട്ട് അഞ്ചിന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു എന്നിവർ പങ്കെടുക്കും. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 61ാം പൂരം പ്രദർശനമാണിത്. മേയ് 22ന് സമാപിക്കും. 180ൽപരം സ്റ്റാളുകളും പത്തിലധികം പവലിയനുമുണ്ടാകും. ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, കയർ ബോർഡ്, കാർഷിക സർവകലാശാല, കേരള പൊലീസ്, ഗുരുവായൂർ ദേവസ്വം എന്നിവയുടെ പവലിയനുകൾ പ്രധാന ആകർഷണമാകും. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ വിവരാധിഷ്ഠിത സ്റ്റാളും സജ്ജമാക്കും. ദിവസവും വൈകിട്ട് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രദർശന ടിക്കറ്റിന് ജി.എസ്.ടി ഉൾപ്പെടെ 30 രൂപയും പൂരം നടക്കുന്ന മൂന്ന് ദിവസം 50 രൂപയുമാണ്. പൂരം നടത്തിപ്പിന് ഇരു ദേവസ്വങ്ങളും രണ്ടര കോടി വീതം കണ്ടെത്തേണ്ടതുണ്ട്. പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് എ.രാമകൃഷ്ണൻ, സെക്രട്ടറി പി.എ.വിപിനൻ, ട്രഷറർ എം.അനിൽകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.