 
ചേർപ്പ് : 24 ദേവീദേവന്മാർ പങ്കെടുക്കുന്ന ദേവമേളയെന്ന് വിശേഷണമുള്ള ആറാട്ടുപുഴം പൂരം ഇന്ന് നടക്കും. തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് 4 മണിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തുകയും നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം 6.30ന് 15 ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽക്കെട്ടിന് പുറത്തേയ്‌ക്കെഴുന്നെള്ളുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 250ൽപരം വാദ്യകലാകാരൻമാർ നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും. പാമ്പാടി രാജൻ ശാസ്താവിന്റെ തിടമ്പേറ്റും. മേളത്തിന് ശേഷം ശാസ്താവ് ഏഴുകണ്ടംവരെ പോകും. ചാത്തക്കുടം ശാസ്താവിന്റെ പൂരശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്‌ക്കെഴുന്നള്ളും. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കും. തേവർ കൈതവളപ്പിലെത്തുന്നതു വരെ ഈ എഴുന്നള്ളിപ്പുകൾ തുടരും. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കും മദ്ധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് ഈ എഴുന്നള്ളിപ്പുകൾ നടക്കുക. രാത്രി 11 മണിയോടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തകുടം ശാസ്താവിന്റെ എഴുന്നെള്ളിപ്പാണ് ആദ്യം നടക്കുന്നത്. ഏഴ് ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളവുണ്ടാകും. ഒരു മണിയോടെ പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാരും അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളിപ്പ് നടത്തും. 12ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച് ആനകളുടെ അകമ്പടിയും പഞ്ചാരിമേളത്തിന് ശേഷം ഒരു മണിയോടെ അന്തിക്കാട്, ചൂരക്കോട് ഭഗവതിമാർ ആറ് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളും. പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. പൂരത്തോട് അനുബന്ധിച്ച് ആറാട്ടുപുഴ ക്ഷേത്രവും പത്തായപ്പുരയും വൈദ്യുത ദീപാലങ്കാര പ്രഭയിലാണ്. പൂരത്തോടനുബന്ധിച്ച് കാശി വിശ്വാനാഥക്ഷേത്രം, തൃശൂർ വടക്കുന്നാഥ ക്ഷേത്രം എന്നിവിടങ്ങളിൽ നട ഇന്ന് നേരത്തെ അടയ്ക്കും.