vela

ചേലക്കര: അന്തിമഹാകാളൻ കാവ് വേല ഇന്ന് വെടിക്കെട്ടില്ലാതെ ആഘോഷിക്കും. കൊയ്‌തൊഴിഞ്ഞ നെൽപ്പാടങ്ങളിലൂടെ കത്തിജ്വലിക്കുന്ന മീനച്ചൂടിനെ വകവയ്ക്കാതെ കാളപ്പാട്ടിന്റെ ഈണത്തിനൊത്ത് പൊയ്ക്കാളയുമേന്തി നൃത്തച്ചുവടുമായെത്തുന്ന കാളവേലകളും, വാദ്യ കലാകാരന്മാരെ അണിനിരത്തിയുള്ള നാദ താള വിസ്മയവും, നാടൻ കലാരൂപങ്ങളും വിവിധ ദേശ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കാവ് വട്ടത്തിലെത്തും. ചേലക്കര, പങ്ങാരപ്പിള്ളി, കുറുമല, തോന്നൂർക്കര, വെങ്ങാനെല്ലൂർ /ചേലക്കോട് എന്നീ അഞ്ചു ദേശങ്ങളാണ് മുഖ്യ പങ്കാളികൾ. മറ്റ് സമുദായങ്ങളുടെയും, യുവജന സാംസ്‌കാരിക കമ്മിറ്റികളുടെയും വേലകളുമെത്തും. കാളിദാരിക സംവാദവും പോർവിളിയും ദാരിക വധവും ഇന്ന് അർദ്ധരാത്രിയോടെ നടക്കും. പഞ്ചവാദ്യ അകമ്പടിയോടെ കാളീദാരികർ കാവിൽ പ്രദക്ഷിണം ചെയ്യും. ഞായറാഴ്ച പുലർച്ചെ കാള കളി.