pachamulak
ശുഭ പച്ചമുളക് ഉത്പ്പാദന കേന്ദ്രത്തിൽ.

മാള : പച്ചമുളകിനെപ്പറ്റി ഓർത്താൽ എല്ലാവരുടെയും മനസിൽ വരിക എരിവാണ്, എന്നാൽ ശുഭയുടെ മനസിൽ ആനന്ദമാണ് നിറയുക. കാരണം മറ്റൊന്നുമല്ല ശുഭയ്ക്ക് ആനന്ദത്തോടൊപ്പം ആദായവും പകർന്ന് നൽകുന്നത് പച്ചമുളകാണ്. പൊയ്യ മുൻ പഞ്ചായത്ത് അംഗമായ ശുഭ സജീവന്റെ പാലത്തിങ്കൽ കാനാടി അമ്പലത്തിനടുത്തുള്ള ഗ്രീൻലാൻഡ് നഴ്‌സറിയിലെ പച്ചമുളക് തൈ ഉത്പ്പാദന കേന്ദ്രത്തിൽ ഒന്നല്ല മുപ്പതിനായിരത്തോളം തൈകളാണ് വളർന്ന് നിൽക്കുന്നത്. വഴുതന, ചീര, തക്കാളി, വെണ്ട തുടങ്ങിയവയുടെ തൈകളും ഇവിടെ ഉത്പ്പാദിപ്പിച്ച് നൽകുന്നു. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ശുഭയുടെ വീട്ടിൽ ചെറിയതോതിൽ പച്ചക്കറിക്കൃഷി ഉണ്ടായിരുന്നു. കൃഷിയോടുള്ള ആഭിമുഖ്യം അവിടുന്നാണ് മനസിൽ കുടിയേറുന്നത്. സഹോദരി നൽകിയ പ്രോത്സാഹനമാണ് മുളക് തൈ ഉത്പ്പാദനം തുടങ്ങാനുള്ള പ്രേരണയായത്. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ എൻജിനിയറിംഗ് കോഴ്‌സ് പാസായ ശുഭ ഏഴുവർഷം മുമ്പ് ചെറിയതോതിൽ ആരംഭിച്ച പച്ചമുളക് തൈ ഉത്പ്പാദനം നാടിന് തന്നെ ഒരു മാതൃകാ സംരംഭമായി മാറിയിരിക്കുകയാണിപ്പോൾ. ഒരേസമയം മുപ്പത്തിനായിരം പച്ചമുളക് തൈകളാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്നത്. ആറായിരം തൈകൾ വരെ ഒറ്റയടിക്ക് വാങ്ങിപ്പോകുന്നവരുണ്ട്. മറ്റ് പച്ചക്കറികളും ചെറിയ തോതിൽ കൃഷി ചെയ്യുന്നു. പൊയ്യ കൃഷിഭവൻ ഇവർക്ക് വേണ്ട നിർദ്ദേശങ്ങളും വിൽപ്പനയ്ക്കാവശ്യമായ സഹായങ്ങളും ചെയ്ത് നൽകുന്നു.
ചകിരിച്ചോറ് നിറച്ച പ്ലാസ്റ്റിക് ട്രേകളിൽ വിത്ത് പാകിയാണ് പച്ചമുളക് തൈകൾ മുളപ്പിക്കുന്നത്. അതിനു ശേഷം കവറിലേക്ക് മാറ്റുന്നു. ചാണകം, ഗോമൂത്രം തുടങ്ങിയ ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. നാടൻ, കാന്താരി, ഗുണ്ട്, സിറ, വയലറ്റ്, ഉജ്ജ്വല തുടങ്ങിയ വിവിധ പച്ചമുളക് ഇനങ്ങളുടെ തൈകൾ ഉത്പ്പാദിപ്പിക്കുന്നു. വഴുതന, ചീര, തക്കാളി, വെണ്ട തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്ത് വിൽപ്പന നടത്തുന്നു.
കൊടുങ്ങല്ലൂർ, തൃശൂർ, എറണാകുളം, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നൊക്കെ പച്ചമുളക് തൈകൾ വാങ്ങാൻ കർഷകരും നഴ്‌സറിക്കാരും എത്തുന്നുണ്ട്. കാർഷിക അവാർഡ് ജേതാവായ സിനോജ് കൃഷി അറിവുകൾ നൽകി സഹായിക്കുന്നു. ഭർത്താവ് സജീവ് മൂക്കന്നൂർ ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടറാണ്. മക്കൾ : കൃഷ്ണേന്ദു (ഫാഷൻ ഡിസൈനർ), കൃഷ്ണ നന്ദ (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി, സൊക്കർസോ കോൺവെന്റ്).

സംരംഭം വിപുലപ്പെടുത്തി സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള പത്ത് പേർക്കെങ്കിലും തൊഴിൽ നൽകണമെന്ന ആഗ്രഹമുണ്ട്. അത് കുറച്ച് പേർക്കെങ്കിലും വരുമാനമുണ്ടാക്കാൻ സഹായകമാകും.

-ശുഭ സജീവൻ