ചേലക്കര: വെടിക്കെട്ടില്ലേ പിന്നെന്ത് വേല എന്ന ചോദ്യമാണ് ചേലക്കരയിലെ സംസാരവിഷയം. നാട്ടിലെ ജനങ്ങളുടെ വികാരമായ അന്തിമഹാകാളൻകാവിൽ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിൽ വേലപ്രേമികൾ കടുത്ത നിരാശയിലാണ്. അന്തിമഹാകാളൻകാവിന് ചുറ്റുവട്ടത്ത് ഏക്കർകണക്കിന് വിസ്തൃതിയിൽ കിടക്കുന്ന പാടത്ത് വെടിക്കെട്ട് നടത്തുന്നതിന് വേണ്ടുന്ന സരക്ഷിതത്വം ഉണ്ടെന്നിരിക്കെ മറ്റു പല നിരീക്ഷണങ്ങളാൽ ആചാരത്തിനു പോലും വെടിക്കട്ട് നടത്താൻ അനുമതി ലഭിക്കുന്നില്ലെന്നാണ് ഏവർക്കും നൈരാശ്യമായത്.
കഴിഞ്ഞ വർഷവും രാത്രി മുഴുവൻ വെടിക്കെട്ടു പ്രേമികൾ വേലപ്പറമ്പിൽ കാത്തുനിന്ന് വെടിക്കെട്ട് നടത്താൻ കഴിയാതെ പുലർച്ചെ വീടുകളിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. കഴിഞ്ഞ വേല കമ്മിറ്റിക്കാർ കേട്ടുകൊണ്ടിരിക്കുന്ന പഴിക്ക് ഇത്തവണ വെടിക്കെട്ട് നടത്തി സമാധാനിപ്പിക്കാമെന്നിരിക്കേയാണ് വിധി പ്രതികൂലാമയതെന്ന് നാട്ടുകാർ പറയുന്നു. എ.ഡി.എം വെടികെട്ടിന് അനുമതി നിഷേധിച്ചപ്പോൾ നിയമാനുസൃത അനുമതിക്കായി കോടതിയെ സമീപിച്ചപ്പോഴും സുരക്ഷാ കാര്യത്തിൽ റിപ്പോർട്ട് പ്രതികൂലമായി. ഇതോടെ
കോടതിയിൽ നിന്നുള്ള പ്രതീക്ഷയും നഷ്ടമാകുകയായിരുന്നു. ആനയില്ലാത്ത ഇവിടുത്തെ വേലക്ക് കാളകളിക്കും വെടിക്കെട്ടിനും ഏറെ പ്രാധന്യമുണ്ട്. ആയിരങ്ങളായിരുന്നു ആസ്വാദകരായി ഇവിടെ എത്തിയിരുന്നത്. അഞ്ചു ദേശങ്ങളുടെ നേതൃത്വത്തിൽ പത്തോളം വെടിക്കെട്ട് നടന്ന വേല പറമ്പാണിത്. സമീപ ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് പൊട്ടുന്ന വെടിക്കെട്ടിന്റെ നാദം ഇവിടെ മുഴങ്ങി കേൾക്കുമ്പോൾ ഒരു കമ്പം പോലും കത്തിക്കാനാകാതെ എന്ത് ആഘോഷം എന്ന അവസ്ഥയിലാണ് പൂരപ്രേമികൾ.