
തൃശൂർ: കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിയുടെ കാലാവധി നീട്ടിയ സാഹചര്യത്തിൽ തൃശൂർ മൃഗശാലയിൽ നിന്നും പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാദികളെ മാറ്റുന്നത് പുനരാരംഭിക്കണമെന്ന് ആവശ്യം. മാർച്ച് ആറ് വരെയായിരുന്നു ആദ്യഘട്ട അനുമതി. കാലാവധി നീട്ടി മാർച്ച് 14ന് കേന്ദ്ര മൃഗശാല അതോറിറ്റി ഉത്തരവിറക്കി. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. സുവോളജിക്കൽ പാർക്കിന്റെ രൂപീകരണത്തിൽ സുപ്രധാന ഘട്ടമാണിതെന്നും തൃശൂർ മൃഗശാലയിൽ നിന്നുളള മൃഗങ്ങളെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകേണ്ടതെന്നുമാണ് ഫ്രണ്ട്‌സ് ഒഫ് സൂ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ള ജീവികളെ പരിപാലിക്കാൻ വനം വകുപ്പിന്റെ കീഴിൽ നിലവിലുള്ള എല്ലാ വന്യജീവി സംരക്ഷണ പരിപാലനകേന്ദ്രം സുസജ്ജമാക്കണമെന്നും ഇത്തരം കേന്ദ്രങ്ങളുടെ ചുമതല കൂടി സുവോളജിക്കൽ പാർക്കിനെ ഏൽപ്പിക്കുന്നത് പ്രധാന ലക്ഷ്യത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുമെന്നും പറയുന്നു.
16 കോടി വേണം
സുവോളജിക്കൽ പാർക്കിന് മുൻ വർഷം അനുവദിച്ച ആറ് കോടിയാണ് സാമ്പത്തിക വർഷത്തേക്കും സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചത്. ജീവനക്കാരുടെ എണ്ണവും ജീവികളുടെ പരിപാലന ചെലവും വർദ്ധിച്ച സാഹചര്യത്തിൽ തുക 16 കോടിയായി വർദ്ധിപ്പിക്കണമെന്നത് അടക്കമുള്ള നിർദ്ദേശമടങ്ങിയ കത്ത് ഫ്രണ്ട്‌സ് ഒഫ് സൂ സുവോളജിക്കൽ പാർക്ക് അധികാരികൾക്ക് നൽകി.
തയ്യാറെടുക്കണം 4 കാര്യങ്ങളുമായി
1. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ, അതിജീവിക്കാനും അനുകൂലപ്പെടാനും കൂടുതൽ ക്ഷമതയുള്ള ജീവികളെ മാറ്റുന്നതിന് മുൻഗണന നൽകുക.
2. ശീതീകരണ സൗകര്യം ഉൾപ്പെടെ, ജീവികളുടെ ആരോഗ്യപരിപാലനത്തിനും മറ്റും ആവശ്യമായ ഭൗതിക സൗകര്യം ഉറപ്പുവരുത്തണം.
3. കൂട്ടത്തോടെ ജീവികളെ മാറ്റാതിരിക്കുക.
4. ഓരോ ആഴ്ചയിലും പരിമിതമായ എണ്ണം ജീവികളെ മാറ്റുകയും അവ പുതിയ സാഹചര്യത്തോട് ഇണങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
മറ്റിടങ്ങളിൽ നിന്നുള്ള വന്യജീവികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സുവോളജിക്കൽ പാർക്കിന്റെ സേവനം തേടാം. ഗുരുതരമായ പരിക്കോടെ
സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുവന്ന കടുവകളും പുള്ളിപ്പുലിയും ആരോഗ്യം വീണ്ടെടുത്തത് പാർക്കിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ഈ മുൻ അനുഭവങ്ങൾ ഭാവിയിലെ പ്രവർത്തനങ്ങൾക്കും പാഠമാകും.
എം.പീതാംബരൻ മാസ്റ്റർ,
സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ.