
തൃശൂർ: അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രചാരണത്തിനൊപ്പം പ്രതിഷേധവുമായി യു.ഡി.എഫെത്തുമ്പോൾ, ഹൈന്ദവവോട്ട് ലക്ഷ്യമിട്ട് സന്യാസിമാരുടെ സമ്മേളനവുമായി സംഘപരിവാർ. ആർ.എൽ.വി. രാമകൃഷ്ണന് നേരിട്ട ജാതി അധിക്ഷേപം അടക്കമുളള വിഷയങ്ങളിലെ നിലപാട് സജീവമായി പൊതുസമൂഹത്തിൽ ഉയർത്തുകയാണ് എൽ.ഡി.എഫ്. ചുരുക്കത്തിൽ സമകാലിക വിഷയങ്ങളിൽ കാറ്റിനനുസരിച്ച് പാറ്റുക എന്ന നയത്തിലാണ് മുന്നണികൾ.
ഹൈന്ദവ സന്ന്യാസിമാരുടെ അഖിലേന്ത്യാ സംഘടനയായ മാർഗദർശക മണ്ഡലം കേരള ഘടകത്തിന്റെ നേതൃത്വത്തിലാണ് സന്ന്യാസിമാരുടെ സമ്മേളനം നടത്തുന്നത്. എൻ.ഡി.എ തൃശൂർ മണ്ഡലത്തിനായി വികസന രേഖ തയ്യാറാക്കുന്നതിന്റെ പ്രാരംഭ ചർച്ചയാണ് ഇന്ന് നടക്കുന്നത്. പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ സമ്പ്രദായങ്ങളിൽപെട്ട 500 ഓളം സന്ന്യാസിമാർ പങ്കെടുത്തേക്കും. വൈകിട്ട് നാമജപഘോഷയാത്രയ്ക്ക് ശേഷം പൊതുസമ്മേളനവുമുണ്ടാകും. രാവിലെ കാസിനോ ഹോട്ടലിലെ വികസന ചർച്ചയിൽ മെട്രോമാൻ ഡോ.ഇ.ശ്രീധരനും സരേഷ് ഗോപിയും പങ്കെടുക്കും.
വാഹന പരിശോധന കടുപ്പിച്ച് ഭരണകൂടം
പോളിംഗ് കഴിയുംവരെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച് വാഹന പരിശോധന കടുപ്പിച്ചു. ഇതിനായി ജില്ലയിൽ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവേലൻസ് ടീമുകളെ വിന്യസിച്ചു. 50,000 രൂപയിൽ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് സാമഗ്രികൾ സംബന്ധിച്ച് മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്ന് എക്‌സ്‌പെൻഡിച്ചർ മോണിറ്ററിംഗ് വിംഗ് നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ അറിയിച്ചു. സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്.
അച്ചടിശാലകളുടെ ലൈസൻസ് റദ്ദാക്കിയേക്കാം
1. സ്ഥാനാർത്ഥികളോ ഏജന്റുമാരോ പോസ്റ്റർ, ബാനർ, മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ പ്രിന്റ് ചെയ്യാൻ സമീപിക്കുമ്പോൾ ഇവരിൽ നിന്ന് അച്ചടിശാല ഉടമസ്ഥരും മാനേജർമാരും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം.
2. സത്യവാങ് മൂലം പരിചിതരായ രണ്ട് വ്യക്തികൾ സാക്ഷ്യപ്പെടുത്തിയിരിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളിൽ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേൽവിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകർപ്പും, പ്രസ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർക്ക് മൂന്ന് ദിവസത്തിനകം കൈമാറണം.
3. നിർദ്ദേശം പാലിക്കാത്ത അച്ചടി ശാലകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ 1951ലെ ജനപ്രാതിനിദ്ധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.