
ചേലക്കര: ആചാരങ്ങൾ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. അന്തിമഹാകാളൻ കാവിൽ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനെ പറ്റി പ്രതികരിക്കുകയായിരുന്നു അവർ. പാലക്കാട് കാവശ്ശേരി പൂരത്തിന് വെടിക്കെട്ടിന് അനുമതി ലഭിച്ചു. ഇവിടെ അത് ലഭിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. സുരക്ഷ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് അറിഞ്ഞത്. സുരക്ഷ ഒരുക്കുന്നതോടൊപ്പം ആചാരങ്ങൾ സംരക്ഷിക്കുന്നതും പരിശോധിക്കണം. സാധാരണ ജനങ്ങളെ വിഷമിപ്പിക്കരുത്. തീരുമാനം സാധാരണക്കാരന് കൂടി ഉൾക്കൊള്ളാൻ പറ്റുന്നതാകണം. ഒരു വിശ്വാസിയുടെയും മനസ് വേദനിക്കരുത്. വിശ്വാസമില്ലാത്തവർക്കും ജീവിക്കാൻ പറ്റുന്ന തരത്തിലാണ് ഭരണഘടന ഉണ്ടാക്കിയിട്ടുള്ളത്. എവിടെയെങ്കിലും നടന്ന വെടിക്കെട്ട് അപകടത്തിന്റെ പേരിൽ സൗകര്യമുള്ള സ്ഥലത്തും മാറ്റിവച്ചത് പരിശോധിക്കണമെന്നും അവർ പറഞ്ഞു.