murali

തൃശൂർ: ആർ.എൽ.വി.രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ പരാമർശത്തിന് പിന്നിലും സംഘപരിവാർ അജൻഡയുണ്ടെന്നും കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചത് കൊണ്ടൊന്നും പാപക്കറ കഴുകിക്കളയാൻ കഴിയില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ എം.പി. ഇത്തരം മനസ് കേരളത്തിൽ വിലപ്പോകില്ല. വംശീയ പരാമർശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കണം. സത്യഭാമയെ പോലെയുള്ള കലാകാരിയുടെ മനസ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. വടകരയിൽ പി.ജയരാജൻ വിജയിക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ സർവേയുമായി ഇറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് പ്രവർത്തകരുടെ മനോവീര്യം തകരില്ല. കെജ്‌രിവാളിനെതിരെയുള്ള നടപടിയിൽ ശക്തമായ സമരത്തിനിറങ്ങും. പിണറായിക്ക് കോൺഗ്രസ് വിരോധമുണ്ടെങ്കിൽ കോൺഗ്രസ് പിന്തുണയോടെയുള്ള മത്സരം വേണ്ടായെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ പിച്ചും പേയും പറയരുതെന്നും മുരളീധരൻ പറഞ്ഞു.