pipe
അന്തിക്കാട് റോഡിൽ പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന ജല അതോറിറ്റി പൈപ്പുകൾ.

അന്തിക്കാട് : റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ജല അതോറിറ്റി കൂട്ടമായി തള്ളിയ കൂറ്റൻ പൈപ്പുകൾ അപകട ഭീഷണിയുയർത്തുന്നു. അന്തിക്കാട് പൊലീസ് സ്റ്റേഷന് മുന്നിൽ റോഡരികിലാണ് അമൃത് കുടിവെള്ള പദ്ധതി പ്രകാരം പൈപ്പിടുന്നതിനായി കൊണ്ടുവന്ന ഉപയോഗ ശേഷം ബാക്കി വന്ന പൈപ്പുകൾ ഉപേക്ഷിച്ച നിലയിൽ മാസങ്ങളായി കിടക്കുന്നത്. അതേസമയം വാഹനാപകടങ്ങളിലും മറ്റ് കേസുകളിലുമായി അന്തിക്കാട് പൊലീസ് പിടിച്ചിടുന്ന വാഹനങ്ങളും ഇതിന് സമീപമായാണ് പാർക്ക് ചെയ്യുന്നത്. പൈപ്പുകൾ കിടക്കുന്നതിനാൽ പൊലീസ് പിടിച്ചിടുന്ന വാഹനങ്ങൾ ഒതുക്കിയിടുന്നതിന് തടസം നേരിടുന്നതിനാൽ നടപ്പാതയോട് ചേർന്നാണ് നിറുത്തിയിടുന്നത്. ഇതുമൂലം റോഡിലൂടെ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും കടന്നുപോകാൻ പ്രയാസം നേരിടുകയും ഇത് റോഡപകട സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാഹനാപകടങ്ങളിലും മറ്റുമായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് അതെല്ലാം അവഗണിച്ച് അന്തിക്കാട് പൊലീസിന്റെ നടപടി. ജല അതോറിറ്റിയുടേയും പൊലീസിന്റെയും നിരുത്തരവാദപരമായ ഈ പാർക്കിംഗിനെതിരെ പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. പൈപ്പുകൾ എത്രയും പെട്ടെന്ന് എടുത്തു നീക്കുകയും റോഡരികിലെ പൊലീസിന്റെ വണ്ടി പിടിച്ചിടൽ അവസാനിപ്പിക്കണമെന്നുമാണ് ഉയരുന്ന ജനകീയാവശ്യം.