പുതുക്കാട്: ജൽജീവൻ പദ്ധതിക്കായി കണ്ടെത്തിയ ഭൂമി പുറമ്പോക്കാണെന്ന് കാണിച്ച് തട്ടിയെടുക്കാനുള്ള ഗൂഢലക്ഷ്യമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്. 1973 ൽ പട്ടയം ലഭിച്ച ഒന്നര ഏക്കറോളം ഭൂമി താൻ വില കൊടുത്ത് വാങ്ങിയതാണെന്നും 2022 വരെ ഈ സ്ഥലത്തിന് നികുതി അടച്ചിട്ടുള്ളതാണെന്നും ബാബുരാജ് പറഞ്ഞു. പദ്ധതിക്കാവശ്യമായ ഒരു ഏക്കറോളം സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചിട്ടും റവന്യൂ വകുപ്പിനെ ഉപയോഗിച്ച് തന്ത്രത്തിലൂടെ തട്ടിയെടുക്കാനുള്ള എൽ.ഡി.എഫ് ശ്രമത്തിനെതിരെയാണ് താൻ ഹൈക്കോടതിയെ സമീപിച്ചതെന്നും ബാബുരാജ് അറിയിച്ചു. നികുതി അടച്ചു വരുന്ന സ്ഥലം 200 മീറ്റർ അകലെയാണെന്നാണ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ തന്റെ സ്ഥലം ഏതാണെന്ന് പറയാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനോട് ചേർന്നുള്ള തന്റെ ഭൂമിയിൽനിന്ന് അഞ്ച് സെന്റ് പൊലീസിന്റെ വയർലെസ് ടവർ സ്ഥാപിക്കാൻ സർക്കാർ വില നൽകി വാങ്ങിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പ്രേരിതമായി റവന്യൂ വകുപ്പ് എടുത്ത ഏകപക്ഷീയമായ തീരുമാനമാണ് വിവാദത്തിന് ഇടയാക്കിയതെന്ന് ബാബുരാജ് ആരോപിച്ചു. അഞ്ച് പഞ്ചായത്തുകൾക്ക് ഗുണകരമാകുന്ന പദ്ധതി നഷ്ടപ്പെടുത്തി അത് തന്റെ പേരിലാക്കി രാഷ്ട്രീയ തേജോവധം ചെയ്യാനാണ് എൽ.ഡി.എഫ് ശ്രമമെന്നും ബാബുരാജ് ആരോപിച്ചു. കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ, മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പിൽ, പഞ്ചായത്തംഗം ഷാജു കാളിയേങ്കര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.