
ചാലക്കുടി: കലാമണ്ഡലത്തിൽ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നടക്കും. വിവാദങ്ങളെ തുടർന്ന് കലാമണ്ഡലത്തിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ നൃത്തം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാമകൃഷ്ണനെ ബന്ധപ്പെടുകയായിരുന്നു. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് രാമകൃഷ്ണൻ പറഞ്ഞു.
മുമ്പ് ഗവേഷണ വിദ്യാർത്ഥിയായിരുന്നെങ്കിലും നൃത്താവതരണത്തിന് അവസരം ലഭിച്ചിരുന്നില്ല. പ്രതിസന്ധികളിൽ നിരവധി വ്യക്തികളും സംഘടനകളും നൽകിയ പിന്തുണയും സ്‌നേഹ വായ്പ്പും അതിജീവനത്തിന് സഹായിച്ചെന്ന് ഡോ.ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. സാംസ്‌കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും വിളിച്ച് ആത്മധൈര്യം പകർന്നു. സിനിമാ താരം നവ്യ നായർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥ്, യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ, ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ഐക്യദാർഢ്യവുമായി വീട്ടിലെത്തി. സർഗ്ഗാത്മകമായ സിദ്ധികളെ ആർക്കും തടയാനാകില്ലെന്നും പ്രബുദ്ധ കേരളം ഒപ്പമുണ്ടെന്നും രവീന്ദ്രനാഥ് പറഞ്ഞു. ജ്യേഷ്ഠൻ കലാഭവൻ മണിയോടൊപ്പമുള്ള അനുഭവങ്ങളും പ്രതിസന്ധികളിൽ തുണയായതുമെല്ലാം ഉണ്ണിക്കൃഷ്ണൻ ഓർമ്മിച്ചു. നൃത്താദ്ധ്യാപക സംഘടയുടെ ആഭിമുഖ്യത്തിൽ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി ചേനത്തുനാട്ടിലെ രാമൻ കലാഗൃഹത്തിലേയ്ക്ക് പ്രകടനമായെത്തി പിന്തുണ അറിയിച്ചു.