
കുന്നംകുളം: കക്കാട് മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം നൃത്താസ്വാദകരുടെ മനംനിറച്ചു. ഉത്സവബലി ദിനമായ വെള്ളിയാഴ്ച ക്ഷേത്ര സന്നിധിയിൽ ഹൃദയഹാരിയായ ഭാവഗാനങ്ങൾക്കൊപ്പം ലക്ഷ്മി ഗോപാലസ്വാമിയുടെയും തേജോമയി സംഘത്തിന്റെയും നൃത്തം പെയ്തിറങ്ങി. വൈകീട്ട് ആറോടെ ക്ഷേത്രത്തിലെത്തിച്ചേർന്ന ലക്ഷ്മി ഗോപാലസ്വാമിയെ പ്രസിഡന്റ് കെ.കെ.സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ലക്ഷ്മി ഗോപാലസ്വാമി വേദിയിലേക്ക് പ്രവേശിച്ചു. ഏഴോടെ ലക്ഷ്മി ഗോപാലസ്വാമിയും തേജോമയി നൃത്ത സംഘത്തിലെ 6 കലാപ്രതിഭകളും ചേർന്ന് ഗണപതി സ്തുതിയോടെ നൃത്തം ആരംഭിച്ചു. ആയിരങ്ങളാണ് നൃത്തശിൽപ്പം കാണാനായി ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തിയത്.