ചാലക്കുടി: വി.ആർ. പുരത്ത് നാലുപേരെ കടിച്ച പൂച്ചയ്ക്ക് പേ വിഷബാധ. മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ നടന്ന പരിശോധയുടെ ഫലമാണ് പോസിറ്റീവായത്. ഇതോടെ പൂച്ചയുടെ കടിയേറ്റ ആളുകളെ നിരീക്ഷണത്തിലാക്കി. പരിശോധനയുടെ ഫലം പോസിറ്റീവായതോടെ കടിയേറ്റവർക്ക് വാക്‌സിൻ എടുത്തു തുടങ്ങി. പൂച്ച ഒരു വളർത്തുനായയെ കടിച്ചിരുന്നു. നായയ്ക്ക് നേരത്തെ പേ വിഷബാധയ്‌ക്കെതിരെ വാക്‌സിൻ എടുത്തിരുന്നെങ്കിലും ഒരു ഡോസ്‌കൂടി എടുക്കണമെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വ്യാഴാഴ്ച രാവിലെയാണ് വീടുകളിൽ ഓടിയെത്തിയ പൂച്ച ആളുകളെ കടിച്ചത്. പിന്നീട് പൂച്ചയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

പൂച്ചയിൽനിന്നുള്ള പേ വിഷബാധയിൽ വർദ്ധന


പൂച്ചയുടെ മാന്തലിൽ നിന്നും മനുഷ്യർക്ക് പേ വിഷബാധയേൽക്കുന്ന പ്രവണത കൂടിവരുന്നതായി മൃഗസരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.മാസങ്ങൾക്ക് മുമ്പ് എലിഞ്ഞപ്രയിലെ ഒരു വീട്ടമ്മയ്ക്ക് പേവിഷബാധയേറ്റിരുന്നു. മുൻ കാലങ്ങളിൽ ഇത് വിരളമായിരുന്നു. പൂച്ചകളുടെ മാന്തൽ ഏറ്റാൽ പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് നിർബന്ധമായും എടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേത്. റാബിസി വൈറസ് മൃഗങ്ങളുടെ ഉമിനീരിലാണ് അടങ്ങുന്നത്. പൂച്ചകൾ എപ്പോഴും കാലുകൾ നക്കി തുടക്കുന്നതിനാൽ അവയുടെ നഖങ്ങളിൽ പറ്റി വൈറസ് വ്യാപിക്കും. നഖം കൊണ്ടുള്ള മുറിവേൽക്കുന്നതോടെ അണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്ക് നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അതിഥികളായെത്തുന്ന പൂച്ചകളുടെ നഖംകൊണ്ട് മുറിവേറ്റാൽ ഉടനെ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ആഴത്തിലെ മുറിവാണെങ്കിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം ബോധ്യപ്പെടുത്തണം. മണ്ണുത്തി വെറ്റിനറി കോളേജിലെ പത്തോളിജി വിഭാഗത്തിലാണ് മൃഗങ്ങളുടെ പേവിഷബാധ സംബന്ധിച്ച പരിശോധനകൾ നടക്കുന്നത്. ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബിലിൻ എന്ന മരുന്നാണ് കുത്തിവയ്ക്കുന്നത്.