ചേലക്കര: ആചാര തനിമയിലൂന്നി അന്തിമഹാകാളൻ കാവ് വേല ഭക്തിസാന്ദ്രമായി. കരിമരുന്ന് കത്തിക്കാത്തതിനാൽ വെടിക്കെട്ട് പ്രേമികൾ നിരാശരായി മടങ്ങി. അന്തിമഹാകാളനെ ദർശിക്കാൻ തട്ടകദേശങ്ങളിൽ നിന്നും ഭക്തരുടെ തിരക്ക് പുലർച്ചെ മുതൽ അനുഭവപ്പെട്ടു. വിശേഷാൻപൂജകൾക്ക് ശേഷം ക്ഷേത്രാങ്കണത്തിൽ ചേലക്കരദേശത്തിന്റെ വക രാവിലെ ചോറ്റാനിക്കര വിജയൻ മാരാർ, കുനിശ്ശേരി ചന്ദ്രൻ എന്നിവരുടെ നേതൃത്ത്വത്തിൽ നടപ്പുര പഞ്ചവാദ്യവും, വൈകിട്ട് പങ്ങാരപ്പിള്ളി ദേശം വക കുനിശ്ശേരി അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും സദ്യക്ക് കുറുമല ദേശം വക തിരുവല്ല രാധാകൃഷണൻമാരാരുടെ പ്രമാണത്തിൽ മേളവും രാത്രിയിൽ വെങ്ങാനെല്ലൂർ ദേശം വക പൈങ്കുളം പ്രഭാകരൻ നായർ അവതരിപ്പിച്ച തായമ്പകയും നടന്നു. വൈകിട്ടോടെ വിവിധ കാളവേലകൾ കാവ് വട്ടത്തെത്തി. തട്ടകദേശക്കാരുടെയും സമുദായ വേലകളും വാദ്യമേളങ്ങളുടെയും കാഴ്ചകളുടെയും അകമ്പടിയോടെ കാവിന് മുമ്പിലെത്തി കെട്ടുകാളകളെ അണിനിരത്തി. പുലർച്ചെ യോടെയാണ് വേലകൾ കാവ് കയറിയത്. വേലയുടെ മുഖ്യ ചടങ്ങായ കാളി ദാരിക സംവാദവും പ്രതീകാത്മകമായി ദാരികവധം ചടങ്ങും കാളി കണ്ടത്തിൽ നടന്നു.