
തൃശൂർ: ക്രമാതീതമായി ഉയരുന്ന ചൂട് ജനജീവിതം ദു:സഹമാക്കുമ്പോൾ കനത്ത ചൂട് കറവപ്പശുക്കളെയും കർഷകരെയും ബാധിക്കുന്നു. മിൽമ എറണാകുളം യൂണിയനിൽ പാലുത്പാദനം പ്രതിദിനം ലക്ഷം ലിറ്ററോളം കുറഞ്ഞു. പലയിടങ്ങളിലും കുടിവെള്ള പ്രശ്‌നവും രൂക്ഷമാണ്. വിളകൾക്ക് ഉണക്കുഭീഷണിയുമുണ്ട്. വെള്ളാനിക്കരയിൽ ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. 39.2 ഡിഗ്രി. 2014ൽ 40, 2019ൽ 40.4 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് വർദ്ധിച്ചേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം തൃശൂർ ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ചൂട് കൂടുന്നത് സൂര്യതാപം ഉൾപ്പെടെ ഉണ്ടാക്കാം. ക്ഷീണത്തിനും തളർച്ചയ്ക്കും സാദ്ധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം. പാലുത്പാദനം കുറഞ്ഞത് ക്ഷീരമേഖലയിലെ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മിൽമ എറണാകുളം യൂണിയനിൽ ചില ദിവസങ്ങളിൽ 65,000 മുതൽ ഒരു ലക്ഷം ലിറ്റർ വരെ കുറയാറുണ്ട്. പച്ചപ്പുല്ല് ലഭിക്കാത്തതും പാൽ കുറയാൻ ഇടയാക്കുന്നു.
എറണാകുളം യൂണിയൻ
പാൽ ഉത്പാദനം കുറഞ്ഞത്
75,000 മുതൽ ലക്ഷം ലിറ്റർ വരെ
റെക്കാഡിടാൻ ചൂട്
പരമാവധി താപനില... 39.2 ഡിഗ്രി
കുറഞ്ഞ താപനില.... 26.7 ഡിഗ്രി
ആപേക്ഷിക ആർദ്രത.... 92%
ബാഷ്പീകരണം.... 5.9 എം.എം
ആകെ മഴ (2024).....132.2 എം.എം
മുൻകരുതൽ വേണം
രാവിലെ 11 മുതൽ 3 വരെ വെയിൽ കൊള്ളരുത്.
പുറത്തിറങ്ങുമ്പോൾ പാദരക്ഷ, കുട, തൊപ്പി ധരിക്കുക.
കന്നുകാലികളെ വെയിലത്ത് മേയാൻ വിടരുത്.
മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
ക്ഷീര കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാൻ എറണാകുളം യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് 27ന് യോഗം ചേരുന്നുണ്ട്.
എം.ടി. ജയൻ,
ചെയർമാൻ,
മിൽമ എറണാകുളം യൂണിയൻ.