ചേർപ്പ് : പടിഞ്ഞാട്ടുമുറി നാലുംകൂടിയ വഴിക്ക് സമീപം വല്ലച്ചിറക്കാരൻ തോമസിന്റെ വീട്ടിലെ അഞ്ച് പശുക്കളിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു. ഇന്നലെ രാവിലെ പാൽ കറക്കുനിടെയാണ് സംഭവം. മൂന്ന് പശുക്കളെ കറവ് നടത്തി കൊണ്ടിരിക്കെ തൊഴുത്തിലെ കറന്റ് കണക്്ഷനിൽ നിന്നും വൈദ്യുതാഘാതമേറ്റ് തോമസിന്റെ മേലേയ്ക്ക് പശുക്കൾ വീഴുകയായിരുന്നു. വീഴ്ചയിൽ വൈദ്യുതി കണക്്ഷൻ വിച്ഛേദിക്കപ്പെട്ടതിനാൽ പശുക്കളുടെ ഇടയിൽപ്പെട്ട് തോമസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സി.സി. മുകുന്ദൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, മൃഗസംരക്ഷ വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ സഹായത്തോടെ പശുക്കളെ തൊഴുത്തിൽ നിന്ന് എടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾ ശേഷം പശുക്കളുടെ മൃതദേഹം സംസ്‌കരിക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുമായി സി.സി. മുകുന്ദൻ എം.എൽ.എ ബന്ധപ്പെട്ടു. സർക്കാരിൽ നിന്ന് ധനസഹായം ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു.