അന്തിക്കാട്: പഞ്ചായത്തിലെ വീടുകളിൽ നിന്നും യൂസർ ഫീ വാങ്ങി ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാസങ്ങളായി സംഭരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നു. പഞ്ചായത്തിലെ രണ്ടാം വാർഡ് സംഭരണ കേന്ദ്രത്തിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടങ്ങിയ ചാക്കുകൾ മഴയും വെയിലുമേറ്റ് മാസങ്ങളായി കെട്ടിക്കിടക്കുന്നത്. വേനൽ കടുത്തതോടെ ചൂട് കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തുന്നതിനും പ്ലാസ്റ്റിക്കിൽ അടങ്ങിയ രാസപദാർത്ഥങ്ങൾ അന്തരീക്ഷത്തിൽ കലർന്ന് വായു മലിനീകരണത്തിനും മറ്റും വഴിവയ്ക്കുന്ന സാഹചര്യമാണുള്ളത്. ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാസങ്ങളായി വൻതോതിൽ കെട്ടിക്കിടക്കുന്നതിനെതിരെ നാട്ടുകാർക്കിടയിലും രോഷമുയരുന്നുണ്ട്. പരിസ്ഥിതിക്ക് ഭീഷണിയായ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാൽ എത്രയും വേഗം അവിടെ നിന്ന് നീക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചതായി പഞ്ചായത്ത് പറയുമ്പോഴും ചാക്ക് കണക്കിന് മാലിന്യങ്ങൾ ഇപ്പോഴും സംഭരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
കരാറുകാരിൽ നിന്നുണ്ടായ വീഴ്ച്ച മൂലമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കാലതാമസം നേരിട്ടത്. അവ പരിഹരിച്ച് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
- പി.എസ്. സുജിത്ത്
(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)