പാവറട്ടി: മാർഗം കളികൾക്കും ഫാഷൻ പരേഡുകൾക്കും മാത്രമായി പുതുതലമുറ ക്രിസ്ത്യൻ പരമ്പരാഗത വേഷമായ മുണ്ടും ചട്ടയെ മാറ്റിയപ്പോൾ 70 വർഷമായി ഈ വേഷത്തിൽ ജീവിക്കുന്ന 85 വയസുകാരിയുണ്ട് പാവറട്ടിയിൽ. കൂനംമ്മച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിലെ ഓശാന തിരുനാൾ പ്രദക്ഷിണത്തിൽ പതിവ് തെറ്റിക്കാതെ ഇന്നലെയും മുണ്ടും ചട്ടയുമായിരുന്നു 85 വയസുള്ള സെലീനയുടെ വേഷം. കുനംമൂച്ചി മുട്ടത്ത് പരേതനായ കുരിയാക്കൂവിന്റെ ഭാര്യയാണ് സെലീന. പതിനഞ്ചാം വയസിലായിരുന്നു ഇവരുടെ വിവാഹം. അന്ന് ധരിച്ച് തുടങ്ങിയതാണ് ഈ വേഷം. ബാഗ്ലൂർ, ബോംബെ, ഗോവ യാത്രകളിൽപോലും ഈ വേഷത്തിലാണ് സെലീനയുടെ സഞ്ചാരം. മറ്റുള്ളവർ അത്ഭുതത്തോട് നോക്കുവെങ്കിലും താൻ അഭിമാനത്തോടെ തിരിച്ച് നോക്കുമെന്ന് സെലീന പറയുന്നു. പണ്ട് കുർബാനക്കും വിശേഷ അവസരങ്ങളിലും മുണ്ടും ചട്ടയും ധരിച്ച് ധാരാളം പേർ എത്തുന്നത് സെലീന ഓർക്കുന്നു. എന്നാൽ ഇന്ന് സൗകര്യപ്രദമായ വസ്ത്രങ്ങൾ എല്ലാവരും സ്വീകരിച്ചു. ഞാൻ ജനിച്ചു വളർന്ന നാടായ കുന്നംകുളം ചിറളയം പള്ളിയിലെ മുണ്ടും ചട്ടയും ധരിച്ചവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് ദുഃഖത്തോടെ സെലിന പറഞ്ഞു. നാല് ആൺമക്കളും രണ്ട് പെൺ മക്കളും ഉൾപ്പെടെ ആറ് പേരുടെ അമ്മയാണ് സെലിന. മാർഗം കളിക്കും ഫാഷൻ പരേഡിനുമായി ചില കുട്ടികൾ എന്നെ സമീപിക്കാറുണ്ടെന്നും ചിലർ സെൽഫി ഫോട്ടോ എടുക്കാറുണ്ടെന്നും അവർ പറഞ്ഞു. താൻ മരണം വരെ വീട്ടിലും നാട്ടിലും ഈ വേഷം മാത്രമേ ധരിക്കുകയുള്ളെന്ന് സെലീന ഉറപ്പിച്ചു പറയുന്നു. കുന്നംകുളം ചിറളയം ഇടവക ചുങ്കത്ത് പരേതരായ ലൂവിസ്-മറിയം ദമ്പതികളുടെ മകളാണ് സെലിന.