
കൊടുങ്ങല്ലൂർ : അശാസ്ത്രീയ മത്സ്യബന്ധനവും കാലാവസ്ഥാ വ്യതിയാനവും മത്സ്യസമ്പത്തിലുണ്ടാക്കിയ ഗുരുതരമായ ലഭ്യതക്കുറവ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു. മുൻകാലങ്ങളിൽ സീസണിൽ ലഭിച്ചിരുന്ന അയല, ചാള, ചെമ്മീൻ, കൊഴുവ മത്സ്യങ്ങളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്.
വിവിധ തരം ചെമ്മീനുകൾ, കൊഴുവ എന്നിവ ഇപ്പോൾ തീരെ ലഭിക്കുന്നില്ല. കിളിമീനും വറ്റയും കൂന്തളുമെല്ലാം കടലിൽ നിന്ന് ഒഴിഞ്ഞ മട്ടാണ്. ആയിരങ്ങൾ നൽകി ഇന്ധനം നിറച്ച് വള്ളങ്ങൾ കടലിലേക്കിറക്കിയാൽ ഒന്നും ലഭിക്കാതെ തിരിച്ചുവരേണ്ട അവസ്ഥയിലാണ്.
അൽപ്പമെങ്കിലും ആശ്വാസം ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് മാത്രമാണ്. അഴീക്കോട് നിന്നും മുനമ്പത്ത് നിന്നും കടലിൽ പോയിരുന്ന വള്ളങ്ങളിൽ പകുതിയിൽ താഴെ മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്. 50 പേർക്ക് മത്സ്യബന്ധനത്തിന് പോകാവുന്ന ഒരു ഇൻബോഡ് വള്ളം ഒരു ദിവസം കടലിലിറങ്ങാൻ ചുരുങ്ങിയത് 45,000 രൂപ വേണം. നാലു പേരടങ്ങുന്ന ഒരു മുറി വള്ളം ഒരു ദിവസം മത്സ്യബന്ധനത്തിന് പോകുന്നതിന് 8000 രൂപയോളം ചെലവ് വരും. തീരക്കടലിലെ അരിച്ചു പെറുക്കിയ ഉള്ള കരവലിയും മത്സ്യക്കുഞ്ഞുക്കളെ വരെ കോരിയെടുത്തുള്ള അശാസ്ത്രീയ മത്സ്യബന്ധനവും മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുന്നുണ്ട്. സമുദ്രോപരിതലത്തിൽ ചൂട് കനത്തതോടെ മത്സ്യങ്ങൾ കേരള തീരത്ത് നിന്നും കടലിലെ തണുപ്പുള്ളയിടങ്ങളിലേക്ക് നീങ്ങുന്നതും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മുടിക്കും കാലാവസ്ഥാ വ്യതിയാനം
പ്രളയവും കാലാവസ്ഥാ വ്യതിയാനവും മൂലം ആകെ മാറിയ കടലിന്റെ ഘടന
പ്‌ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം
താപനില ഉയരുന്നതിനാൽ ജലോപരിതലം ചൂടുപിടിച്ച് മത്സ്യപ്രജനനത്തെ ബാധിക്കുന്നത്
വർദ്ധിക്കുന്ന താപനില മത്സ്യക്കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കുന്നത്
മത്സ്യതൊഴിലാളി കുടുംബങ്ങളിൽ പട്ടിണി ബാധിച്ച സാഹചര്യത്തിൽ മത്സ്യതൊഴിലാളികളുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ സർക്കാർ നടപടി സ്വീകരിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് 10,000 രൂപ ഇടക്കാലാശ്വാസം അനുവദിക്കണം.
കെ.വി.വിനോദ്
ജില്ലാ പ്രസിഡന്റ്
ബി.എം.എസ്.