
തൃശൂർ : ഓശാന ദിനത്തിൽ വിശ്വാസികൾക്ക് ഒപ്പം പ്രാർത്ഥിച്ചും ആശംസകൾ അറിയിച്ചും സ്ഥാനാർത്ഥികൾ. ഇന്നലെ രാവിലെ വി.എസ്.സുനിൽകുമാർ, കെ.മുരളീധരൻ, സുരേഷ് ഗോപി എന്നിവർ പള്ളികളിലെത്തി. മുരളീധരൻ വരാക്കര സെന്റ് ആന്റണീസ് പള്ളിയിലെത്തിയപ്പോൾ വികാരി ഫാ.പ്രിൻസ് പിണ്ടിയാൻ കുരുത്തോല നൽകി സ്വീകരിച്ചു. പ്രാദേശിക നേതാക്കൾക്ക് ഒപ്പമാണ് പള്ളിയിലെത്തിയത്. വി.എസ്.സുനിൽകുമാർ രാവിലെ തന്റെ വീടിനു സമീപത്തെ ഇടവക പള്ളിയിൽ നാട്ടുകാരെ നേരിൽക്കണ്ട് ഓശാന തിരുന്നാൾ ആശംസ നേർന്നു. സുഹൃത്തുക്കളും സഹപാഠികളും അയൽക്കാരുമായ വിശ്വാസികൾ കുരുത്തോല നൽകി. ദേവാലയ അങ്കണത്തിൽ കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തിൽ യുവജനങ്ങളുടെ രക്തദാന ക്യാമ്പിന് അഭിവാദ്യം അർപ്പിച്ചാണ് മടങ്ങിയത്. സുരേഷ് ഗോപി ഓശാന തിരുനാളിനോടനുബന്ധിച്ച് തൃശൂരിലെ ലാറ്റിൻ പള്ളിയിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികളോട് ഒപ്പം ഒത്തു ചേർന്നു. ഒളരി എൻ.ഡി.എ ഓഫീസ് ഉദ്ഘാടനത്തിലും കുടുംബ സംഗമത്തിലും പങ്കെടുത്തു.