canal-cleaning
കൂടപ്പുഴ ബ്രാഞ്ച് നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നു

ചാലക്കുടി: കനാൽ വെള്ളമെത്താത്തതിനാൽ കുടിവെള്ള ക്ഷാമം നേരിട്ട പ്രദേശങ്ങളിൽ ആശ്വാസമായി കണ്ണംകുളം നിറയ്ക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.

ഇതിനായി പോട്ട മെയിൻ കനാലിൽ നിന്നും മോസ്‌കോ കമ്പയിന്റ് കനാലിലേയ്ക്ക് ഇന്നലെ ഉച്ച മുതൽ വെള്ളം തുറന്നുവിട്ടു. എന്നാൽ കൂടപ്പുഴ ഭാഗത്ത് തടസം നേരിട്ടതിനാൽ വെള്ളത്തിന്റെ ഒഴുക്കിന് തടസം നേരിട്ടിരുന്നു. ആറാട്ടുകടവ് പ്രദേശത്ത് കനാലിൽ ചപ്പുചവറുകൾ അടിഞ്ഞു കൂടിയിരുന്നു.

ഇത് നീക്കം ചെയ്യാൻ തിരുമാന്ധാംകുന്ന് കൗൺസിലർ സൂസി സുനിൽ ജെ.സി.ബി എത്തിച്ചു. ഇന്നലെ നടന്ന വൃത്തിയാക്കലിന്റെ അവശിഷ്ടം കനാലിൽ നിന്നും നീക്കം ചെയ്തിട്ടില്ല. ഇന്നു മുതൽ വീണ്ടും അറ്റകുറ്റ പണികൾ ആരംഭിക്കും. കരാറെടുക്കാൻ ആരുമില്ലാത്തതിനാൽ വെട്ടുകടവ് പ്രദേശത്ത്് കനാലിന്റെ ആഴം കൂടിയ ഭാഗം വൃത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലത്താണ് കാൽനൂറ്റാണ്ടിന് ശേഷം ആദ്യമായി കണ്ണംകുളത്തിൽ വെള്ളമെത്തിയത്. സംസ്ഥാന ജലസേചന വകുപ്പ് 65 ലക്ഷം രൂപ ചെലവിൽ അന്ന് കുളം നവീകരിച്ചിരുന്നു.

വെള്ളം തുറന്ന് വിട്ടിട്ട് മൂന്ന് വർഷം
കനാൽ വെള്ളമെത്താത്തതിനാൽ ചാലക്കുടിയിലെ കൂടപ്പുഴ, സൗത്ത് ജംഗ്ഷൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.
കണ്ണംകുളത്തിൽ കനാൽ വെള്ളമെത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കണ്ണംകുളം നിറയ്ക്കാൻ കാലാകാലങ്ങളിൽ കനാൽ വെള്ളം വിടുന്നുണ്ടെന്നാണ് ഇറിഗേഷൻ അധികൃതരുടെ വിശദീകരണം. എന്നാൽ വെള്ളമെത്തിയിട്ട് മൂന്ന് വർഷമായെന്ന് നാട്ടുകാർ പറയുന്നു. വേനലിൽ അഞ്ച് വട്ടം കുളം നിറയ്ക്കണമെന്ന വ്യവസ്ഥയിലെ ആദ്യ ദൗത്യം പോലും പാലിച്ചിട്ടില്ല. കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ കിലോ മീറ്ററുകൾ ഒഴുകി കണ്ണംകുളത്തിൽ ചാടുന്നതോടെ അയ്യായിരത്തോളം വീടുകളിലെ കിണറുകളിൽ ഉറവയെത്തും.

കുളം നിറയ്ക്കുന്നതിന് തുടർച്ചയായി 10 ദിവസം വെള്ളം വിടുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

അഡ്വ. ബിജു എസ്. ചിറയത്ത്
ആറാട്ടുകടവ് വാർഡ് കൗൺസിലർ