1

മോദി വീണ്ടും തൃശൂരിൽ?


തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടവും പ്രചാരണത്തിന് തൃശൂരിലെത്തുമെന്ന സൂചനകൾ പുറത്തുവന്നതോടെ യു.ഡി.എഫും എൽ.ഡി.എഫും കൂടുതൽ ദേശീയ നേതാക്കളെ തൃശൂരിലെത്തിച്ചേക്കും. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ മോദിയുടെ പ്രചാരണപരിപാടികളുണ്ടാകുമെന്നാണ് വിവരം. ഏപ്രിൽ ആദ്യവാരം പ്രധാനമന്ത്രി എത്താനാണ് സാദ്ധ്യതയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയവരും തൃശൂരിൽ വരുമോയെന്ന് വ്യക്തമായിട്ടില്ല. ഈ വർഷം അഞ്ചുതവണയാണ് മോദി കേരളത്തിൽ വന്നത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു മോദി പങ്കെടുത്ത പരിപാടികൾ. യു.ഡി.എഫ് പ്രചാരണത്തിന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും എൽ.ഡി.എഫിനായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരും തൃശൂരിൽ പ്രചാരണത്തിന് എത്തിയാൽ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂട് പതിൻമടങ്ങാകും.

അമ്മയെ സ്മരിച്ച് മുരളീധരൻ

അമ്മ കല്യാണിക്കുട്ടി അമ്മയുടെ 31-ാം ചരമവാർഷിക ദിനാചരണത്തിൽ മുരളീ മന്ദിരത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു കെ. മുരളീധരൻ എം.പിയുടെ ഇന്നലത്തെ പര്യടനം തുടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂരും കൂടെയുണ്ടായിരുന്നു.

കലാലയങ്ങളിലൂടെ സുനിൽകുമാർ

താൻ പഠിച്ച കലാലയമായ തൃശൂർ കേരളവർമ്മ കോളേജിൽ വലിയ സ്വീകരണമാണ് എൽ.ഡി.എഫ് സ്ഥാർത്ഥി വി.എസ്. സുനിൽകുമാർ ഏറ്റുവാങ്ങിയത്. നെടുപുഴ പോളിടെക്‌നിക്കിലും ഗവ. ലോകോളേജിലും വിമല കോളേജിലും പാറമേക്കാവ് കോളേജിലും എം.ടി.ഐയിലും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലുമെല്ലാമെത്തി യുവതീ യുവാക്കളുടെ വോട്ട് തേടി.


പുതുക്കാട് മണ്ഡലത്തിലൂടെ സുരേഷ് ഗോപി

പുതുക്കാട് നിയോജകമണ്ഡലത്തിലെ ക്രിസ്ത്യൻ മുസ്‌ലിം പളളികളിലും ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും സാമുദായിക നേതാക്കളുടെ വസതയിലുമെല്ലാമായിരുന്നു സുരേഷ് ഗോപിയുടെ ഇന്നലത്തെ പര്യടനം. ഉൾഗ്രാമങ്ങളിലുംനാട്ടിൻപുറങ്ങളിലുമെല്ലാം വോട്ടുതേടി സുരേഷ് ഗോപിയെത്തി.

വൈറലാകാൻ...

സാമൂഹികമാദ്ധ്യമങ്ങളാണ് സ്ഥാനാർത്ഥികളുടെ പ്രധാന ആയുധം. കുറഞ്ഞ ചെലവിൽ ഒരേസമയം കൂടുതൽ ആളുകളിലേക്ക് കാര്യങ്ങളെത്തിക്കാൻ ഇത് തുണയാകും. വിവിധതരത്തിലുള്ള പോസ്റ്റർ, വീഡിയോ, ഇൻസ്റ്റഗ്രാം റീൽസ്, ഫേയ്‌സ്ബുക്ക് ലൈവ് എന്നിവയിലൂടെയൊക്കെ വോട്ടർമാരുമായി സ്ഥാനാർത്ഥിക്ക് സംവദിക്കാം. വാട്‌സാപ്പാണ് ഇതിൽ പ്രധാനം.

എസ്.എം.എസ് ആയും ഫോൺവിളികളായും കോളർ ട്യൂണായും നേരിട്ടുവിളിച്ചും വോട്ടഭ്യർത്ഥിക്കാം. നേതാക്കളുടെ ശബ്ദത്തിൽ റെക്കാഡ് ചെയ്ത ഫോൺവിളിയിലൂടെയും വോട്ടഭ്യർത്ഥന തുടങ്ങാനും ശ്രമമുണ്ട്.