തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുളള പരാതികളും ക്രമകേടുകളും പൊതുജനങ്ങൾക്ക് സി- വിജിൽ ആപ്പ് മുഖേന അറിയിക്കാം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയിൽപ്പെട്ടാൽ പരാതിക്കാരന് ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തിൽ പരാതി രജിസ്റ്റർ ചെയ്യാം. 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജ വാർത്തകൾ, വർഗീയ വിദ്വേഷ പ്രസംഗങ്ങൾ, അപകീർത്തിപ്പെടുത്തൽ, പൊതുയിടങ്ങളിൽ പോസ്റ്ററുകൾ, ബാനറുകൾ സ്ഥാപിക്കൽ, സമ്മാന കൂപ്പണുകളുടെ വിതരണം, അനുവദിച്ച സമയത്തല്ലാതെയുള്ള സ്പീക്കർ ഉപയോഗം തുടങ്ങിയവ പരാതികളായി നൽകാം.
പരാതി നൽകാം
1. പ്ലേ സ്റ്റോറിൽ/ആപ്പ് സ്റ്റോറിൽ സിവിജിൽ ആപ്പ് ലഭ്യമാണ്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഒ.ടി.പി വെരിഫിക്കേഷൻ നടത്തണം. പരാതി നൽകാൻ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയിൽ ഏതെങ്കിലും ക്ലിക്ക് ചെയ്താൽ ആപ്പ് തത്സമയം പരാതിക്കാരന്റെ ലൊക്കേഷൻ കണ്ടെത്തും.
2. ലാൻഡ് മാർക്ക് നൽകാനുള്ള ഓപ്ഷനുമുണ്ട്. സ്‌ക്രീനിൽ വരുന്ന പ്രൊസീഡ് ക്ലിക്ക് ചെയ്ത് കാമറയിൽ പകർത്തണം. പരാതി നൽകുമ്പോൾ വിശദവിവരങ്ങൾ എഴുതി നൽകാം. ആപ്പിലൂടെ തത്സമയം എടുക്കുന്ന ചിത്രം/ വീഡിയോ മാത്രമേ അപ്ലോഡ് ചെയ്യാനാവൂ. നേരത്തെയുളളത് ഉപയോഗിക്കാനാവില്ല.
3. പരാതിക്കാരൻ തിരിച്ചറിയപ്പെടാതെ പരാതി നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഇങ്ങനെ നൽകുന്നയാൾക്ക് പരാതിയുടെ തുടർവിവരങ്ങൾ ആപ്പ് വഴി അറിയാനാകില്ല.
അഞ്ച് മിനിറ്റിൽ രജിസ്റ്റർ ചെയ്യണം
പരാതിക്കാരൻ സി- വിജിൽ ആപ്പിൽ പ്രവേശിച്ച് തത്സമയം ഫോട്ടോ/വീഡിയോ എടുത്ത് അഞ്ച് മിനിറ്റിനകമാണ് പരാതി രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാ സിവിജിൽ കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതി ബന്ധപ്പെട്ട ഫീൽഡ് യൂണിറ്റിനും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കും കൈമാറും. പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് സ്‌ക്വാഡുകൾ സ്ഥലത്ത് 15 മിനിറ്റിനകം നേരിട്ടെത്തും. അടുത്ത 30 മിനിറ്റിനകം പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകുകയും 50 മിനിറ്റിനകം റിട്ടേണിംഗ് ഓഫീസർ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കുകയും ചെയ്യും.
പരാതി നൽകിയ വ്യക്തിക്ക് ഇത് അറിയാനുള്ള സൗകര്യവുമുണ്ട്. പരാതിക്കാരനെ തിരിച്ചറിയാത്ത രീതിയിൽ പരാതി നൽകാനുമാകും. സി വിജിൽ ആപ്ലിക്കേഷൻ മോണിറ്റർ ചെയ്യുന്നതിനായി 24 മണിക്കൂറും കൺട്രോൾ റൂം സജ്ജമാണ്. ആർ.ഒയുടെ അധികാരപരിധിയിൽ പരിഹരിക്കാൻ കഴിയാത്തവ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണൽ ഗ്രീവൻസ് സർവീസ് പോർട്ടലിലേക്ക് കൈമാറും.