പ്രചാരണം സജീവമാക്കി കെ. രാധാകൃഷ്ണൻ
പാലക്കാട് കോട്ടായി തെക്കുംകര എഴുത്തച്ഛൻ സമാജ മന്ദിരം. രാവിലെ 9.30. സ്ത്രീകൾ ഉൾപ്പെടെ അങ്ങിങ്ങ് കുറച്ചുപേർ. ആലത്തൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ വരവ് കാക്കുകയാണവർ. പെരുങ്ങോട്ടുകുറുശ്ശി, വടക്കുംപുറം, തൂവക്കാട്, കരിങ്കുളം... സ്വീകരണങ്ങൾ ഏറ്റുവാങ്ങി തെക്കുംകരയിൽ എത്തിയപ്പോൾ ഒരു മണിക്കൂർ വൈകി. അപ്പോഴേക്കും അമ്പതോളം പേരെത്തി.
സ്ഥാനാർത്ഥിയും പി.പി. സുമോദ് എം.എൽ.എയും കാറിൽ വന്നിറങ്ങിയതോടെ മുദ്രാവാക്യം മുഴങ്ങി. എല്ലാവർക്കും കൈകൊടുത്ത്, സ്വതസിദ്ധമായ ചിരിയോടെ സ്ഥാനാർത്ഥി മരത്തണലിലെ യോഗസ്ഥലത്തേക്ക്. റിട്ട. അദ്ധ്യാപകൻ ശിവദാസൻ സ്വാഗതം പറഞ്ഞു.
'ഇന്ത്യ ജനാധിപത്യരാജ്യമാണ്. കുറച്ചുകഴിയുമ്പോൾ ഇങ്ങനെ പറയാനാകുമോ എന്ന് സംശയിക്കണം. ഭരണഘടനയും മതനിരപേക്ഷതയും തകരുകയാണ്. പത്ത് വർഷം കൊണ്ട് ബ്രിട്ടീഷ് ഭരണകാലത്തേക്കാൾ മോശമായി. സന്തോഷമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുമ്പിലെത്തി. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ആർക്കാണ് സന്തോഷിക്കാനാവുക? ഇതിന് മാറ്റമുണ്ടാക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. അതു മനസിലാക്കി വോട്ട് ചെയ്യണം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലങ്ങളെല്ലാം ഇത്തവണ തിരിച്ചുപിടിക്കണം.' കെ.രാധാകൃഷ്ണൻ പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി.
ഐ.എച്ച്.ആർ.ഡി കോളേജിൽ വിദ്യാത്ഥികളും ജീവനക്കാരും സ്വീകരണം നൽകി. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി മറ്റുള്ളവരോടും എൽ.ഡി.എഫിന് വോട്ടു ചെയ്യാൻ പറയണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. തുടർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് കീഴത്തൂരിലേക്ക്. അവിടെ സിദ്ദിക്ക് മാസ്റ്ററുടെ വീട്ടിൽ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, പഞ്ചായത്ത് പ്രസിഡന്റ് സതീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 'ഒരു പക്ഷേ, മതേതരത്വം നിലനിൽക്കുന്ന അവസാന തിരഞ്ഞെടുപ്പാകാം ഇത്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് നമ്മൾ വോട്ടു ചെയ്യേണ്ടത്' സ്ഥാനാർത്ഥി ഓർമ്മിപ്പിച്ചു. പിന്നീട് കുത്തനൂരിലേക്ക്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളിലും പ്രചാരണം സജീവമാണ്.
നാട്ടുചർച്ചയിൽ കേട്ടത്
ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ട്. കഴിഞ്ഞ തവണ സ്ഥാനാർത്ഥി നിർണയത്തിലെ അപാകത കൊണ്ടാണ് എൽ.ഡി.എഫിന് ആലത്തൂർ നഷ്ടമായത്. കെ. രാധാകൃഷ്ണൻ ജനകീയനാണ്. നല്ല ഇമേജുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഭരണത്തിൽ തൃപ്തിയില്ലാത്തവരുണ്ട്. തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.