തൃശൂർ: ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ സ്ഥിരതാമസമില്ലാത്തവരുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രദേശങ്ങളിൽ കേട്ടുകേൾവി പോലുമില്ലാത്തവരുടെയും വോട്ട് ചേർത്തുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എൽ.ഡി. എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകി.
അടഞ്ഞുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും കേന്ദ്രീകരിച്ചും വോട്ടർപട്ടികയിൽ നിന്നും ഐ.ഡി കാർഡ് നമ്പറുകളും വീട്ടുനമ്പറുകളും എടുത്ത് വീടുകളിൽ താമസിക്കുന്നവർ പോലും അറിയാതെയും വ്യാജ വാടക കരാറുകൾ ഉണ്ടാക്കിയും സ്ഥലത്തില്ലാത്തവരുടെയും പ്രദേശത്ത് താമസമില്ലാത്തവരുടെയും വോട്ട് ചേർക്കുന്നത് വ്യാപകമായി നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
2024 ജനുവരി 22ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് പുതുതായി പ്രസിദ്ധീകരിക്കാൻ ഇരിക്കുന്ന വോട്ടർപട്ടികയിൽ വരത്തക്കവിധം വോട്ടുകൾ ചേർത്തിവരുന്നത്. ഇത്തരം തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്കെതിരെ സമഗ്രാന്വേഷണം നടത്തി അടിയന്തരമായി സത്വരനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച കളക്ടർ, വിഷയത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.