farmer
ശ്യംമോഹൻ കൃഷിയിടത്തിൽ.

വെള്ളാങ്ങല്ലൂർ: വിഷരഹിത പച്ചക്കറി വിശ്വസിച്ച് വാങ്ങാം, അതാണ് വെള്ളാങ്ങല്ലൂർ സ്വദേശി ചങ്ങനാത്ത് ശ്യാം മോഹൻ നൽകുന്ന ഉറപ്പ്. സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്യാം മോഹന്റെ കൃഷിയിടത്തിൽ വിളയുന്നതെല്ലാം പൂർണമായും ജൈവ രീതിയിൽ വിളയിച്ചെടുക്കുന്നവയാണ്. ഇത്തവണ മൂന്നു നിറങ്ങളിലുള്ള തണ്ണിമത്തനുകളാണ് വിളയിച്ചെടുത്തത്. സാധാരണ കാണാറുള്ള ഉൾഭാഗം ചുവപ്പ് നിറത്തിലുള്ളവയ്ക്ക് പുറമെ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ളവയും ഇത്തവണ കൃഷി ചെയ്തു. വള്ളിവട്ടം യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജിനു സമീപം പാട്ടത്തിനെടുത്ത മൂന്നേക്കർ സ്ഥലമാണ് ശ്യാമിന്റെ കൃഷിയിടം. അർക്കശ്യാമ, അർക്കമുത്തു എന്നീ സങ്കര ഇനങ്ങളും യെല്ലോ മഞ്ച്, തായ്‌ലാൻഡിൽ നിന്നും വരുത്തിയ ഓറഞ്ച് കളർ തണ്ണിമത്തനും പരീക്ഷിച്ചു. ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ചതിനാൽ പ്രതീക്ഷിച്ചതിൽ കൂടുതൽ വിളവും ലഭിച്ചു. ഏപ്രിൽ അവസാനത്തോടെ വിളവെടുപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ശ്യാം മോഹൻ. സീസൺ കൃഷികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശ്യാം മോഹൻ വർഷങ്ങളായി പൊട്ടുവെള്ളരി, പൂക്കൃഷി എന്നിവയും ചെയ്തുവരുന്നു. കണിവെള്ളരി, വിവിധയിനം പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ശ്യാം. കഴിഞ്ഞ വർഷത്തെ മികച്ച യുവകർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ശ്യാമിന് ലഭിച്ചിരുന്നു.

പൂർണമായും ജൈവ രീതിയിലുള്ള കൃഷിയാണ് തന്റെ കൃഷിയുടെ വിജയം. ജൈവ വളക്കൂട്ടുകളും കീടനാശിനികളും ഉണ്ടാക്കിയെടുക്കാൻ നാടൻ പശുക്കളെയും വളർത്തുന്നുണ്ട്.
- ശ്യാം മോഹൻ.