കൊടകര: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ റോളർ സ്‌പോർട്‌സ് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ 37 പോയിന്റ് നേടി സഹൃദയ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15 പോയിന്റുകൾ വീതം നേടി കോട്ടയ്ക്കൽ ഫറൂഖ് കോളേജ്, രാമനാട്ടുകര ഭവൻസ് ലോ കോളേജ് എന്നിവർ രണ്ടാം സ്ഥാനം പങ്കുവെച്ചു. 11 പോയിന്റുകൾ നേടിയ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ 42 പോയിന്റുകൾ നേടി കൊടകര സഹൃദയ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രൊവിഡൻസ് കോളേജ് കോഴിക്കോട് രണ്ടാം സ്ഥാനവും, ദേവഗിരി സെന്റ് ജോസഫ് കോളേജും, കൊരട്ടി നൈപുണ്യ കോളേജും മൂന്നാം സ്ഥാനം പങ്കിട്ടു. സഹൃദയ കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ സമ്മാനദാനം നിർവഹിച്ചു.