വരന്തരപ്പിള്ളി : റെയിൽവേ സ്‌റ്റേഷനുകളിൽ എത്തുന്നതിന് മുമ്പ് ജനറൽ ടിക്കറ്റുകൾ മൊബൈലിൽ എടുക്കുന്നതിനുള്ള പ്രചാരണം തൃശൂർ ജില്ലയിലെ മലയോര മേഖലകളിലേക്കും വ്യാപിപ്പിച്ച് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ.
ഇഞ്ചക്കുണ്ട് ഐ.സി.സി.എസ് എൻജിനീയറിംഗ് കോളേജ് ആൻഡ് മാനേജ്‌മെന്റ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ യു.ടി.എസ.് ആപ്പ് പ്രചാരണം വരന്തരപ്പിള്ളി മേഖലയിൽ ആരംഭിച്ചത്. തൃശൂർ റെയിൽവേ ചീഫ് കോമേഴ്‌സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ് കുമാർ വിദ്യാർത്ഥികൾക്ക് യു ടി എസ് ആപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലനം നൽകിയിരുന്നു. ഇതിനു ശേഷമാണ് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വരന്തരപ്പിള്ളി മേഖലയിൽ പ്രചാരണം ആരംഭിച്ചത് . വീടുകളും കടകൾക്കും പുറമെ സർക്കാർ ഓഫീസുകളിലും വിദ്യാർത്ഥികൾ ആപ്പ് പരിചയപ്പെടുത്തി. ആപ്പിനെക്കുടാതെ പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ ട്രെയിൻ സമയങ്ങളും വിദ്യാർത്ഥികൾ മേഖലയിൽ പരിചയപ്പെടുത്തി. എൻ.എസ്.എസ് പ്രൊഗ്രാം ഓഫീസർ അക്ഷയ് ശിവാനന്ദ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഭവ്യ ജോർജ്ജ്, ഡോളൂസ് കെ. ഷൈജു, എസ്.പി. ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.
അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം
സ്റ്റേഷൻ കൗണ്ടറിൽ പോകാതെ സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസൺ ടിക്കറ്റും യു.ടി.എസ് ഓൺ മൊബൈൽ എന്ന ഈ ആപ്പിലൂടെ എളുപ്പത്തിൽ എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും സ്റ്റേഷനുകളിളെ നീണ്ട ക്യൂ ഇല്ലാതാക്കാനാണ് യു.ടി.എസ് ആപ്പ് സഹായിയ്ക്കും.