തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവിധ അനുമതികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റായ https://suvidha.eci.gov.in ലൂടെ അപേക്ഷിക്കാം. സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഏജന്റുമാർ, മറ്റുള്ളവർ എന്നിവർക്ക് വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിക്കാം. മൊബൈൽ നമ്പർ നൽകി ഒ.ടി.പി വെരിഫിക്കേഷൻ പൂർത്തിയാക്കി സൈറ്റിൽ രജിസ്റ്റർ ചെയ്യണം. യോഗങ്ങൾ, ജാഥകൾ നടത്തുന്നതിനുള്ള അനുവാദം, ഉച്ചഭാഷിണിക്കുള്ള അനുമതി, വീഡിയോ വാൻ ഉപയോഗിക്കുന്നതിന് അനുമതി, വാഹനങ്ങൾക്കുള്ള അനുമതി എന്നിങ്ങനെ 27 ഇനങ്ങൾക്കുള്ള അനുമതിക്ക് അപേക്ഷിക്കാൻ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. ചില അനുമതികൾക്ക് പൊലീസ് ക്ലിയറൻസ് ആവശ്യമാണ്. ഇതിനായി റിട്ടേണിംഗ് ഓഫീസറിൽ നിന്നും ലഭിക്കുന്ന അനുമതിയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്ന് ചെലാൻ അടച്ച് പരിപാടികൾ നടത്താം. 48 മണിക്കൂർ മുൻപാണ് അപേക്ഷ നൽകേണ്ടത്. ലോഗിനിൽ മൈ പെർമിഷൻസ് ഓപ്ഷനെടുത്താൽ അപേക്ഷകൻ മുൻപ് നൽകിയ അപേക്ഷകളുടെ റഫറൻസ് നമ്പർ, പെർമിഷൻ ടൈപ്പ്, അപേക്ഷിച്ച ദിവസം, സ്ഥിതിവിവരം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാനാകും.