 
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടവും തൃശൂർ പൂരവും ഒരുമിച്ച് വരുന്നതോടെ തേക്കിൻകാട് മൈതാനത്ത് പൊതുയോഗങ്ങൾ നടത്താനാകാതെ രാഷട്രീയ പാർട്ടികൾ. ഏപ്രിൽ 19നാണ് പൂരം. എന്നാൽ 13 മുതൽ തന്നെ കൊടിയേറ്റവും പൂരത്തിന്റെ മറ്റ് ഒരുക്കങ്ങളും ആരംഭിക്കുന്നതോടെ ചെറിയ പരിപാടികൾക്കല്ലാതെ മൈതാനം വിട്ടുകൊടുക്കാനാകില്ലെന്നാണ് ദേവസ്വം ബോർഡ് തീരുമാനം.
തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം മൈതാനം വിട്ടുകൊടുക്കില്ല. പല പാർട്ടികളും പൊതുയോഗങ്ങൾക്കായി ഏപ്രിൽ പത്തിന് ശേഷവും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും മൈതാനം നൽകാൻ കഴിയില്ലെന്നാണ് വടക്കുന്നാഥൻ ക്ഷേത്രം അധികൃതർ പറയുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തുമെന്നാണ് വിവരം. അതിനാൽ പതിനായിരങ്ങളാണ് സമ്മേളനങ്ങൾക്കെത്തുക. ഇത്രയേറെ പേരെ ഉൾക്കൊള്ളാനാകുന്ന മൈതാനങ്ങൾ നഗരത്തിൽ വേറെയില്ല.
പുത്തൻ സ്ഥലങ്ങൾ തേടി പാർട്ടികൾ
പൂരം ചടങ്ങുകൾ കാരണം പൊതുയോഗങ്ങൾക്ക് മൈതാനം കിട്ടാതാകുമെന്നതിനാൽ മറ്റ് സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് മുന്നണികൾ. പട്ടാളം റോഡിൽ ഇ.എം.എസ് സ്‌ക്വയർ ഉണ്ടെങ്കിലും പരമാവധി ആയിരത്തോളം പേർക്ക് മാത്രമേ ഇവിടെ സൗകര്യമുണ്ടാകൂ. ശക്തൻ നഗറിലും വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാനാകില്ല. തോപ്പ് സ്റ്റേഡിയം, അരണാട്ടുകര നേതാജി ഗ്രൗണ്ട്, പറവട്ടാനി സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളും പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രി തൃശൂരിൽ ഏപ്രിൽ രണ്ടാം വാരം എത്തിയേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാൽ തേക്കിൻകാട് മൈതാനത്ത് തന്നെ പൊതുയോഗം നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
കൊട്ടിക്കലാശം 24ന്
തിരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം ശബ്ദ പ്രചാരണം അവസാനിക്കേണ്ടതിനാൽ ഇത്തവണ ഏപ്രിൽ 24 നാകും കൊട്ടിക്കലാശം. പൂരച്ചടങ്ങുകൾ ഏപ്രിൽ 13ന് ആരംഭിച്ച് 21ന് സമാപിക്കും. അതിനാൽ മൂന്നുനാൾ തേക്കിൻക്കാട് മൈതാനം ലഭിക്കും. കൊട്ടിക്കാലാശം സ്വരാജ് റൗണ്ടിൽ തന്നെയാകും പ്രധാനമായും നടത്തുക. ഏപ്രിൽ 17നാണ് സാമ്പിൾ വെടിക്കെട്ട്.
പൂരത്തിന്റെ ചടങ്ങുകൾക്കാണ് ഏറ്റവും പ്രധാന്യം. അതിനാൽ ചടങ്ങുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം മൈതാനം വിട്ടുകൊടുക്കാനാകില്ല.
- സരിത, വടക്കുന്നാഥ ക്ഷേത്രം മാനേജർ