1

തൃശൂർ: മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥിപ്പട്ടിക പൂർത്തിയായപ്പോൾ സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ തൃശൂർക്കാരായ സ്ഥാനാർത്ഥികൾ. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, പൊന്നാനി, ആലത്തൂർ തുടങ്ങി എട്ടു മണ്ഡലങ്ങളിലുമുണ്ട് ഒരു തൃശൂർ ടച്ച്.

ഗുജറാത്തിലാണ് ജനിച്ചതെങ്കിലും തിരവനന്തപുരത്ത് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തറവാട് തൃശൂർ ദേശമംഗലം കൊണ്ടയൂരാണ്. ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വാനാഥനും പൊന്നാനിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യനും തൃശൂരുകാരാണ്.

ശോഭ സുരേന്ദ്രൻ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മണലിത്തറ സ്വദേശിനിയാണ്. സംഗീത വിശ്വനാഥന്റെ വീട് കൂർക്കഞ്ചേരിയാണ്. ഗുരുവായൂർ സ്വദേശിനിയാണ് നിവേദിത സുബ്രഹ്മണ്യൻ. ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ്, എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവരും തൃശൂർക്കാർ തന്നെ. ബെന്നി ബഹ്നാൻ മാത്രമാണ് ഏറണാകുളം ജില്ലയിൽ നിന്നുള്ളത്.

തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ വി.എസ്. സുനിൽ കുമാറിന് പുറമേ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളിധരനും തൃശൂർ ബന്ധമുണ്ട്. ലീഡറുടെ തട്ടകം തന്നെ തൃശൂരാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് ഒഴികെ രണ്ടുപേരും ഈ ജില്ലക്കാർ തന്നെ. ചേലക്കരക്കാരനാണ് കെ. രാധാകൃഷ്ണൻ, കൊടുങ്ങല്ലൂർ ശ്രീനാരായണ പുരം സ്വദേശിനിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. സരസു. പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ഹംസയും ഇവിടത്തുകാരൻ.

പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ. വിജയരാഘവൻ ഏറെക്കാലമായി തൃശൂർ ജില്ലയിൽ തന്നെയാണ് താമസം. വിധി വരുമ്പോൾ ഏറ്റവും കൂടുതൽ എം.പിമാർ തൃശൂരിൽ നിന്നാണോയെന്നതാണ് കാത്തിരിക്കുന്ന മറ്റൊരു കൗതുകം. തൃശൂർ ജില്ലയിലെ ന്ന് മണ്ഡലങ്ങളിൽ രമ്യ ഹരിദാസ്, സുരേഷ് ഗോപി, ബെന്നി ബഹ്നാൻ എന്നിവരാണ് ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർ.