തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനും മോഹിനിയാട്ടത്തിനും പൊതുസമൂഹം നൽകിയ പിന്തുണ അഭൂതപൂർവമാണെന്നും അടുത്ത വർഷം മുതൽ കലാമണ്ഡലത്തിലെ മോഹിനിയാട്ടം പ്രവേശനത്തിൽ ആൺകുട്ടികളെയും ഉൾപ്പെടുത്തണമെന്നും കലാമണ്ഡലം മുൻ സെക്രട്ടറി ഡോ. എൻ.ആർ. ഗ്രാമപ്രകാശ്. കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കു പ്രവേശനം നൽകുന്ന കാര്യം ചർച്ചയ്ക്കു വരുമ്പോഴെല്ലാം മുഖം തിരിച്ചിരുന്നവരും അക്കൂട്ടത്തിലുണ്ട്. ഡോ. രാമകൃഷ്ണനെ പോലെ യു.ജി.സി യോഗ്യതയുള്ള ഒരു അദ്ധ്യാപകനെ കലാമണ്ഡലത്തിന്റെ ഫാക്കൽറ്റിയിൽ ഉൾപ്പെടുത്താൻ ഒരു തടസവുമില്ല. പ്രഗത്ഭ മോഹിനിയാട്ടം നർത്തകികളായ കലാമണ്ഡലം ക്ഷേമാവതി, ഡോ. നീന പ്രസാദ് എന്നിവരടങ്ങിയ കലാമണ്ഡലം ഭരണസമിതി ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നതായും ഡോ. രാമകൃഷ്ണനെ കലാമണ്ഡലത്തിലേക്ക് ക്ഷണിക്കാനുള്ള വിവേകം പ്രകടിപ്പിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതായും ഡോ. ഗ്രാമപ്രകാശ് പറഞ്ഞു.