pig
കാട്ടുപന്നി

കൊടുങ്ങല്ലൂർ : വേനൽ കനത്തതോടെ ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം വ്യാപമാകുന്നു. കാർഷിക മേഖലകളിൽ കാട്ടുപന്നിയുടെ ആക്രമണമാണ് വ്യാപകമായുള്ളത്. രാത്രിസമയങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന കാട്ടുപന്നികൾ കൃഷിയിടം പൂർണമായും നശിപ്പിക്കുകയാണ്. ചേമ്പ്, ചേന, വാഴ എന്നിവയെല്ലാം മണ്ണിൽ കുത്തിമറിച്ചിടുന്ന കാട്ടുപന്നികൾ പലയിടത്തും വ്യാപകമായ നാശമാണ് വിതയ്ക്കുന്നത്. ശ്രീനാരായണപുരം പുതുമനപ്പറമ്പിൽ കൃഷിയിടങ്ങൾ കാട്ടുപന്നി നശിപ്പിക്കുന്നത് പതിവാകുകയാണ്. കർഷകരെ കണ്ടാൽ കാട്ടുപന്നിക്കൂട്ടം ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.
പുതുമനപ്പറമ്പ് അവിണിപ്പിള്ളി മുകന്ദന്റെ രണ്ട് ഏക്കർ വരുന്ന കൃഷിയിടം കാട്ടുപന്നിയുടെ ആക്രമണത്തിൽ പാടെ നശിച്ചിരിക്കയാണ്. കൃഷിയിടത്തിൽ ഉണ്ടായിരുന്ന കണ്ടിച്ചേമ്പ്, പ്ലാവിന് താഴെ ഉണ്ടായിരുന്ന ചക്കകൾ, വാഴകൾ, ഉണക്കാൻ ഇട്ടിരുന്ന പശുവിന്റെ ചാണകം തുടങ്ങിയവയെല്ലാം കാട്ടുപന്നി നശിപ്പിച്ചു. കഴിഞ്ഞ വർഷം പഞ്ചായത്തിലെ ഏറ്റവും മികച്ച സമ്മിശ്ര കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് മുകന്ദൻ അവിണിപ്പിള്ളി. കഴിഞ്ഞ വിളവെടുപ്പിൽ 300 ഓളം കിലോ കണ്ടിച്ചേമ്പ് ലഭിച്ചിരുന്നു. ഇത്രയും തന്നെ ഈ വർഷവും നട്ടതായിരുന്നു. എട്ട് പശുവും കുട്ടികളുമുണ്ട്. ചൊവ്വാഴ്ച പുലർച്ചെ രണ്ടര മണിക്ക് എഴുന്നേറ്റ് പശുത്തൊഴുത്തിലെ മോട്ടോറിന്റെ സ്വിച്ച്ഓൺ ചെയ്യാൻ പോകുന്നതിനിടെ മുകുന്ദൻ കാട്ടുപന്നിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നെൽപ്പണി നടക്കുന്ന പ്രദേശത്താണ് കാട്ടുപന്നിയുടെ വാസമെന്നാണ് നിഗമനം. പഞ്ചായത്തിലെ വേഴന, ആമണ്ടൂർ എന്നിവിടങ്ങളിലും കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് പറയുന്നു. കാട്ടുപന്നി ശല്യം മൂലം കർഷകർ ഏറെ ദുരിതം പേറുകയാണ്. കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.