 
തൃപ്രയാർ: കലാലയ ഓർമ്മകൾ അയവിറക്കി തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ നാട്ടിക ശ്രീനാരായണ കോളേജിലെത്തി. കോളേജിലെ 84-85 കാലഘട്ടത്തിലെ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന സുനിൽകുമാർ മധുരമുള്ള ഓർമ്മകൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി പങ്കുവച്ചു. നാട്ടിക എസ്.എൻ. കോളേജിലെ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. ആവേശകരമായ മുദ്രാവാക്യം വിളികളോടെയും പടക്കം പൊട്ടിച്ചുമാണ് സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ എതിരേറ്റത്. കൈകൊടുത്തും ഒപ്പം നിന്ന് സെൽഫിയെടുത്തും വിദ്യാർത്ഥികൾ സ്ഥാനാർത്ഥിക്കൊപ്പം കോളേജ് ക്യാമ്പസിനുള്ളിലൂടെ നടന്നു നീങ്ങി. തുടർന്ന് തൃപ്രയാർ ശ്രീരാമ പോളിടെക്‌നികിൽ എത്തിയ വി.എസ്. സുനിൽകുമാറിന് വൻ വരവേൽപ്പും ലഭിച്ചു. ഓരോ ക്ലാസ് മുറികളിലും കയറി വിദ്യാർത്ഥികളുമായി സംസാരിച്ചും പരിചയം പുതുക്കിയുമാണ് സ്ഥാനാർത്ഥി തിരിച്ചുപോയത്. പഴുവിൽ ഗോകുലം പബ്ലിക്ക് സ്‌കൂളിലും സുനിൽകുമാറെത്തി. നേതാക്കളായ കെ.പി. സന്ദീപ്, എം.ആർ. ദിനേശൻ, എം. സ്വർണലത, രജനി ബാബു, ബി.എസ്. ജ്യോത്സന, അലോക് മോഹൻ, അമൃത, പി.വി. വിഗിൻ, അശ്വിൻ ബോസ്, റിത്തിക് രമേഷ്, അഖിലേഷ്, അഭിനന്ദ് കൃഷ്ണ, അഭിനവ് നികുലേസൻ, മന്യ മനോജ്, റിജിൻ സജി, പി.എ. അഭിജിത്ത്, ഇ.എസ്. ശ്രേയസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.