കൊടുങ്ങല്ലൂർ: ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ ദൗത്യത്തിൽ (ആസാദി സാറ്റ് 2.0) പങ്കാളികളായ അഴീക്കോട് കെ.എം. സീതി സാഹിബ് മെമ്മോറിയൽ സ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികൾക്കും അദ്ധ്യാപകർക്കും ഗവർണറുടെ ക്ഷണം. ഏപ്രിൽ രണ്ടിനാണ് ഗവർണർ രാജ് ഭവനിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ 75 സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 750 പെൺകുട്ടികളാണ് ഈ ഉപഗ്രഹത്തിന്റെ ഭാഗങ്ങൾ ഡിസൈൻ ചെയ്തത്. 2023 ഫെബ്രുവരി ഒമ്പതിന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപണം നടന്നത്. രാജ്യത്തിന് അഭിമാനമായ ചരിത്ര ദൗത്യത്തിൽ പങ്കാളികളായതിന്റെ പേരിലാണ് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് രാജ് ഭവനിൽ നിന്നും ക്ഷണം ലഭിച്ചിരിക്കുന്നത്.