1
ചങ്ങനാശേരി നഗരസഭ പ്രതിനിധികൾ വടക്കാഞ്ചേരി നഗരസഭ സന്ദർശിച്ചു.

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ മാലിന്യ സംസ്‌കരണ മാതൃക പഠിക്കാൻ ചങ്ങനാശ്ശേരി നഗരസഭയിൽ നിന്നും 130 അംഗസംഘമെത്തി.
സ്വച്ഛഭാരത് മിഷൻ കപ്പാസിറ്റി ബിൽഡിംഗ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്‌കരണ മാതൃകകൾ പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് വടക്കാഞ്ചേരി നഗരസഭയിൽ സന്ദർശനം നടത്തിയത്. നഗരസഭാ ചെയർമാനും വൈസ് സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധികൾ അടങ്ങിയ കൗൺസിൽ അംഗങ്ങളും ശുചിത്വമിഷൻ പ്രതിനിധികളും ഹരിത കർമ്മ സേന വിഭാഗവും സാനിറ്റേഷൻ ജീവനക്കാരും അടങ്ങിയ സംഘമാണ് സന്ദർശിച്ചത്. നഗരസഭയുടെ കുമ്പളങ്ങാട് സ്ഥിതി ചെയ്യുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങളും നഗരസഭയുടെ കൈമാറ്റ ചന്തയുടെ പ്രവർത്തനങ്ങളും വിശദമായി മനസ്സിലാക്കിയ അംഗങ്ങൾക്ക് നഗരസഭാ സെക്രട്ടറി കെ. കെ. മനോജ് പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. ജൈവമാലിന്യത്തിന്റെ സ്വാഭാവിക ദുർഗന്ധങ്ങളില്ലാതെ പ്രവർത്തിക്കുന്ന നഗരസഭയുടെ ഡി വാട്ടർഡ് സംസ്‌കരണ പ്ലാന്റ് നിലവിൽ ജൈവമാലിന്യ സംസ്‌കരണ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തരണം ചെയ്യുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വിൽപ്പന നടത്തി വരുമാനം ഉണ്ടാക്കുന്ന രീതിയും കൈമാറ്റ ചന്തയും ഏറ്റവും മാതൃകാപരമാണെന്ന് സംസ്ഥാനത്തെ മറ്റു ഹരിത കർമ്മ പ്രചോദനം ഉൾക്കൊള്ളുന്നവയാണെന്നും സംഘം അറിയിച്ചു. ചങ്ങനാശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ബീന ജോയ് വൈസ് ചെയർമാൻ മാത്യൂസ് ജോർജ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. നജിയ തുടങ്ങിയവർ സംസാരിച്ചു.

നൂതന സാങ്കേതിക വിദ്യയുമായി
വടക്കാഞ്ചേരി

ജൈവ മാലിന്യ സംസ്‌കരണത്തിന് കേരളത്തിലെ തന്നെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന നഗരസഭയാണ് വടക്കാഞ്ചേരി. യാതൊരുതരത്തിലുള്ള ശബ്ദമോ ദുർഗന്ധമോ ഇല്ലാതെ അഞ്ച് ടണ്ണിൽ അധികം മാലിന്യം ദിനംപ്രതി സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് കുമ്പളങ്ങാട് നിലവിലുള്ളത്. കേരളത്തിൽ പ്ലാസ്റ്റിക് തരംതിരിച്ച് ഏറ്റവും മികച്ച രീതിയിൽ വരുമാനം ഉണ്ടാക്കുന്ന ഹരിത കർമ്മ സേനയാണ് വടക്കാഞ്ചേരിയുടേത്. മാതൃകാപരമായ പ്രവർത്തനത്തിനും മാലിന്യ സംസ്‌കരണ മേഖലയിലെ നൂതന സംഭാവനയ്കും ദേശീയതലത്തിൽ ശ്രദ്ധ നേടുകയും പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്ത കൈമാറ്റ ചന്തയാണ് നഗരസഭയുടെ കീഴിൽ കുമ്മായച്ചിറയിൽ പ്രവർത്തിക്കുന്ന നവകാന്തി കൈമാറ്റ ചന്ത.