raktha

തൃശൂർ: പതിന്നാലാം വയസിൽ പാടത്തിറങ്ങിയ പാലക്കാട് മാത്തൂർ പുത്തൻവീട്ടുകളത്തിൽ രഘു ഇപ്പോൾ കാൻസർ കോശങ്ങളെ ചെറുക്കുന്ന 'രക്തശാലി' അരിയുടെ വിൽപ്പനക്കാരനാണ്. രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയസ്തംഭനത്തെയും പ്രതിരോധിക്കുന്ന 'രക്തശാലി' പ്രമേഹത്തിനും കൊളസ്‌ട്രോളിനും മുട്ടുവേദനയ്ക്കും ഉത്തമമെന്ന് രഘുവിന്റെ അനുഭവസാക്ഷ്യം.
കൂടുതൽ കർഷകരെ രക്തശാലി കൃഷി ചെയ്യാൻ രഘു പ്രേരിപ്പിക്കുന്നു. അഞ്ചേക്കറിൽ പത്ത് കൊല്ലം മുമ്പാണ് രഘു (55) രക്തശാലി കൃഷിയിറക്കിയത്. നിലവിൽ വിപണിയിൽ ദുർലഭമായ അരി ദിവസം 10 കിലോ ഓൺലൈനായും മറ്റും വിൽക്കുന്നു. കിലോയ്ക്ക് 300 രൂപ. മാസവരുമാനം ഒരു ലക്ഷത്തോളം. വൈകാതെ സൂപ്പർമാർക്കറ്റിലെത്തിക്കും. ജൈവരീതിയിലാണ് ഒരുപ്പൂ കൃഷി. ബ്‌ളാക്ക് റൈസ്, കല്യാണി വയലറ്റ്, ഡാബർശാല, ഞവര തുടങ്ങി ഔഷധഗുണങ്ങളുള്ള മറ്റിനങ്ങളുമുണ്ട്. വയനാട്ടിലെ കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമനിൽ നിന്നാണ് വിത്ത് വാങ്ങിയത്. വൈറ്റില, ബസുമതി, ജ്യോതി, പൊക്കാളി, പൊന്നി, തവളക്കണ്ണൻ, ജീരകശാല തുടങ്ങി 25 വിത്തിനങ്ങൾ സ്‌കൂൾ ശാസ്ത്രമേളയിൽ പ്രദർശിപ്പിക്കാറുണ്ട്. ഭാര്യ ഷീജയും കൃഷിയിൽ സജീവം. മകൻ ശ്രീഹരി ദുബായിൽ കമ്പ്യൂട്ടർ ഡിസൈനർ.

രക്ഷിച്ചത് രക്തശാലി

2015ൽ സ്‌ട്രോക്കിൽ ഇടതുവശം തളർന്ന രഘുവിനോട് ഡോക്ടർ സ്റ്റെന്റ് വയ്ക്കണമെന്ന് പറഞ്ഞു. മരുന്നിനൊപ്പം രക്തശാലിക്കഞ്ഞി തുടർച്ചയായി കഴിച്ചതോടെ ആരോഗ്യം മെച്ചപ്പെട്ടു. പിന്നീട് സ്റ്റെന്റ് വേണ്ടിവന്നില്ല. നിലവിൽ പ്രഷർ ഉൾപ്പെടെ നിയന്ത്രണ വിധേയമാണ്.


പോഷകങ്ങൾ (നൂറ് ഗ്രാമിൽ)

ഊർജം.... 363.49 കലോറി
പ്രോട്ടീൻ.... 8.96 ഗ്രാം
കാർബോഹെഡ്രേറ്റ്.... 71.18ഗ്രാം
കൊഴുപ്പ്.... 4.77 ഗ്രാം
സിങ്ക്.... 15.75 മില്ലിഗ്രാം
ഇരുമ്പ്.... 0.99 മില്ലി

ചുവന്ന അരി രക്തം വർദ്ധിപ്പിക്കുന്നു. ഗർഭിണികൾക്കും നല്ലതാണ്. ഏത് പ്രായക്കാർക്കും കഴിക്കാം.

- രഘു