കൊടുങ്ങല്ലൂർ : കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായി രണ്ടാമത് നടത്തിയ ക്ഷേത്ര പുറമ്പോക്ക് കളക്ടർ റദ്ദാക്കി. ശനിയാഴ്ച നടത്തുന്ന മൂന്നാമത് ലേലത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ കളക്ടർ തന്നെ അറിയിപ്പുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് കൈമാറി. ഇക്കഴിഞ്ഞ 14ന് റവന്യൂ വകുപ്പ് നടത്തിയ പുനർലേലമാണ് കളക്ടർ റദ്ദാക്കിയത്. പരപ്പിൽ സത്യൻ എന്നയാൾ സമർപ്പിച്ച അഞ്ചര ലക്ഷം രൂപയുടെ ടെണ്ടറാണ് അന്ന് അംഗീകരിച്ചിരുന്നത്. എന്നാൽ പുനർലേലം നടത്തിയത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ആദ്യം നടന്ന ലേലത്തിൽ 33 ലക്ഷത്തി മുപ്പത്തി മൂവായിരത്തി 333 രൂപയുടെ ടെണ്ടർ അംഗീകരിച്ചെങ്കിലും ടെണ്ടർ സമർപ്പിച്ചയാൾ പണമടക്കാതിരുന്നതോടെ ലേലം സ്ഥിരപ്പെടുത്തിയില്ല. എന്നാൽ പണമടയ്ക്കാതെ പോയ ആളുടെ തൊട്ടുതാഴെ ലേലം പങ്കുകൊണ്ട കക്ഷിക്ക് നൽകിയില്ലെന്നും രണ്ടാമത് പുനർലേലം നടത്തിയത് അധികമാളുകൾ അറിയാതെയാണെന്നും ആക്ഷേപം ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടാമത് നടത്തിയ പുനർലേലം മരവിപ്പിക്കാൻ കളക്ടർ ഉത്തരവിട്ടത്. കളക്ടർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ 30ന് രാവിലെ നടക്കുന്ന ലേലത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.