തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ക്ഷേത്രത്തിന്റെ ചിത്രമുളള ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയപ്പോൾ, അനധികൃതമായി പലരുടെയും വോട്ട് ചേർത്തുവരുന്നുവെന്ന ആക്ഷേപം കളക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം വിതരണം ചെയ്തതും പരാതിയായി. ഇതിനിടെ, തിരഞ്ഞെടുപ്പിൽ ബി.ജെ.പി - സി.പി.എം ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണവും ഉയർന്നു. കരുവന്നൂർ കേസും വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറി.
കരുവന്നൂർ കേസിൽ സി.പി.എം, ബി.ജെ.പി.യുമായി ധാരണയുണ്ടാക്കിയെന്ന കോൺഗ്രസ് ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസും തുറന്നടിച്ചു. ഇ.ഡി അന്വേഷണവും പാവറട്ടിയിലും വടക്കാഞ്ചേരിയിലുമുണ്ടായ കോൺഗ്രസിലെ ഗ്രൂപ്പ് ഭിന്നതകളും കേന്ദ്രസർക്കാരിനെതിരെയുള്ള ആരോപണവുമെല്ലാം പ്രചാരണയോഗങ്ങളിൽ തീപ്പൊരി പാറിക്കുകയാണ്.
രാഹുൽ ഗാന്ധി വരും
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടവും തൃശൂരിലെത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ രാഹുൽഗാന്ധിയുടെ വരവും ഏതാണ്ട് ഉറപ്പായി. എന്ന് തൃശൂരിലെത്തുമെന്നതിൽ ഉടൻ തീരുമാനമാകും. ഇടതുപക്ഷത്തിന്റെ ദേശീയ നേതാക്കളും തൊട്ടുപിന്നാലെ തൃശൂരിലെ പൊതുയോഗങ്ങളിലെത്തും.
പരാതികൾ: 1914
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്ന സി- വിജിൽ ആപ്പ് വഴി ബുധനാഴ്ച രണ്ടുവരെ ലഭിച്ചത് 1914 പരാതികളാണ്. 1906 പരാതികൾ പരിഹരിച്ചു. പൊതു ഇടങ്ങളിൽ പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതൽ പരാതികളും. ശരാശരി 43 മിനിറ്റിൽ തന്നെ പരാതികളിൽ നടപടി സ്വീകരിച്ചു.
100 മിനിറ്റിനുള്ളിൽ നടപടി
കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോൺഫറൻസ് റൂമിനോട് ചേർന്നാണ് സി- വിജിൽ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സി- വിജിൽ ആപ്ലിക്കേഷൻ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്‌ലോഡ് ചെയ്ത് പരാതി നൽകാം.
നീക്കിയ പ്രചരണ സാമഗ്രികൾ: 148880
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ഇതുവരെ 148880 പ്രചരണ സാമഗ്രികൾ നീക്കി. പൊതുസ്ഥലങ്ങളിലെ പ്രചരണ സാമഗ്രികൾ നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ്. സ്വകാര്യവ്യക്തികളുടെ അനുമതിയില്ലാതെ പതിക്കുന്നതും പരാതിയുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യും.
പൊതുസ്ഥലങ്ങളിലെ 726 ചുവരെഴുത്തുകൾ, 11167 പോസ്റ്ററുകൾ, 2894 ബാനർ, 33613 കൊടികളും തോരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.