തൃശൂർ: കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം, പിന്നീട് നന്തിക്കര സെന്റ് മേരീസ് പള്ളിയിലേക്ക്. അവിടെ നിന്നും പറപ്പൂക്കരയിലെ സച്ചിൻ ഓട്ടുകമ്പനിയിലെത്തുമ്പോൾ സമയം എട്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ഒരു പ്രചാരണദിനം ആരംഭിക്കുകയാണ്.
കാറിൽ നിന്നിറങ്ങി കൂപ്പുകൈകളോടെ സ്ത്രീകൾ അടക്കമുള്ള തൊഴിലാളികളുടെ അടുത്തേക്ക്. അവർ ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ്. നൂറുക്കണക്കിന് പേർ ജോലി ചെയ്ത ഓട്ടുകമ്പനികളിൽ ഇന്ന് വളരെ ചുരുക്കം പേരേയുള്ളൂ.
എങ്ങനെയുണ്ട് ജോലിയെന്ന് സ്ഥാനാർത്ഥി ചോദിച്ചതോടെ പരാതികളുടെ കൂമ്പാരമാണ് തൊഴിലാളികൾ വിവരിച്ചത്. തൊഴിലാളികൾ മാത്രമല്ല, മുതലാളിമാരും ആത്മഹത്യാ മുനമ്പിലാണെന്നായിരുന്നു വിവരണച്ചുരുക്കം. 'വൻവില കൊടുത്ത് കർണാടകയിൽ നിന്നെത്തിക്കുന്ന കളിമണ്ണ് കൊണ്ടാണ് കമ്പനി ഓടുന്നത്. എന്നിട്ടും ഓട് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് ലാഭം കുറവാണ്. സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്‌തേ മതിയാകൂ.' - തൊഴിലാളികൾ വിശദീകരിച്ചു.
നൂറോളം ഓട്ടുകമ്പനികൾ ഉണ്ടായിരുന്ന പുതുക്കാട് നാലോളം കമ്പനികളുടെ ഉടമകൾ ആത്മഹത്യ ചെയ്തെന്ന ദയനീയതയും തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളുടെ പരിഭവം കേട്ട സ്ഥാനാർത്ഥി പരിഹാരത്തിന് ശ്രമിക്കാമെന്ന ഉറപ്പും നൽകിയായിരുന്നു അവിടം വിട്ടത്. പറപ്പൂക്കര, നെന്മണിക്കര മണ്ഡലങ്ങളിലെ പര്യടനത്തിനിടെ ആറോളം ഓട്ടുകമ്പനികൾ സന്ദർശിച്ചെന്നും എല്ലായിടത്തും കേട്ടത് ദയനീയാവസ്ഥയാണെന്നും കെ. മുരളീധരൻ പറഞ്ഞു.
തൊട്ടിപ്പാൾ സെന്റ് മേരീസ് പള്ളി, പറപ്പൂക്കര ഫൊറോന പള്ളി, വയലൂർ ശിവക്ഷേത്രം തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ സന്ദർശനത്തിന് ശേഷം പതിനൊന്നരയോടെ നെന്മണിക്കരയിലേക്ക്. കത്തിജ്വലിച്ച സൂര്യനെ നോക്കി ചൂടേറിയെന്ന് ഒപ്പമുള്ളവർ പറഞ്ഞെങ്കിലും മുരളിയുടെ മറുപടിയിങ്ങനെ... 'സാരമില്ല, കാത്തുനിൽക്കുന്നവർ വെയില് കൊണ്ട് നിൽക്കുകയല്ലേ'
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, സജീവൻ കുറിയച്ചിറ, സുധൻ, പ്രസാദ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. നെന്മണിക്കരയിലെ പത്തോളം കേന്ദ്രങ്ങളിലെത്തി ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ പാവറട്ടിയിൽ ഫോൺ കോൾ. 'വൈകുമോ...', എന്ന ചോദ്യത്തിന് 'ഇല്ലെന്ന് മറുപടി. അൽപ്പവിശ്രമത്തിന് ശേഷം പാവറട്ടിയിലേക്ക്. 40ലേറെ കേന്ദ്രങ്ങളിലായിരുന്നു ഉച്ചയ്ക്ക് ശേഷം പര്യടനം നടന്നത്.
പൈതൃക നഗരമാണ് തൃശൂർ. എം.പിയായാൽ എല്ലാ കാര്യങ്ങളും വിശദമായി പഠിച്ച ശേഷം പദ്ധതികൾ തയ്യാറാക്കും. എൽ.ഡി.എഫിന് ജനങ്ങളെ സമീപിക്കാൻ സാധിക്കില്ല. ക്ഷേമപെൻഷൻ പോലും കൊടുക്കുന്നില്ല. ആവശ്യക്കാരുടെ പത്തിലൊന്നു പോലും പെൻഷൻ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
- കെ. മുരളീധരൻ, യു.ഡി.എഫ് സ്ഥാനാർത്ഥി