തൃശൂർ: തയ്യൽ തൊഴിലാളികളുടെ സ്വതന്ത്ര സംഘടനയായ ആൾ കേരളാ ടയ്‌ലേഴ്‌സ് അസോസിയേഷനോട് തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടിക്ക് അയിത്ത മനോഭാവമാണെന്ന് സംഘടനാനേതാക്കൾ ആരോപിച്ചു. സ്വതന്ത്ര സംഘടനയായതിനാൽ തയ്യൽ തൊഴിലാളികളുടെ വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്നാണ് ആരോപണം. തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് പട്ടിക 28എ ഭേദഗതി ചെയ്ത് 42 വർഷമായി പണം അടയക്കുന്ന അംഗങ്ങൾ വിരമിക്കുമ്പോൾ ഓരോ തൊഴിലാളിക്കും ലഭിച്ചിരുന്ന ബോർഡ് വിഹിതവും ചേർന്നുള്ള സംഖ്യ 42 വർഷക്കാലയളവിലേയ്ക്ക് 1.50 ലക്ഷം രൂപയാക്കി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അംശാദായം 20ൽ നിന്നും 50 രൂപയും ആക്കിയിരുന്നു. ഇത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാർ ഭരണനേട്ടമായി പ്രചരിപ്പിക്കുകയും ചെയ്തു. 2020 ഏപ്രിൽ മുതൽ വിരമിച്ചവർക്ക് 2000ത്തിലെ 28എ പട്ടികയിലെ ബോർഡ് വിഹിതങ്ങളും സർവീസും വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. 14 ജില്ലകളിലായി 9700ഓളം അംഗങ്ങൾക്ക് ഒരാളിന് 1000 രൂപ മുതൽ 14,600 രൂപ വരെ പല നിരക്കുകളിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് ക്ഷേമനിധിബോർഡ് സർക്കാരിന് പല തവണ ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഗുണമുണ്ടായില്ല. സർക്കാർ നടപടിക്കെതിരെ മെയ് ദിനത്തിൽ സമരദിനം ആചരിക്കും. തൃശൂർ മുണ്ടശ്ശേരി ഹാളിൽ നടക്കുന്ന യോഗത്തിൽ സർക്കാർ വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കമിടും. ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ, പ്രസിഡന്റ് അബ്ദുൾ ഖാദർഎടവിലങ്ങ്, പി.എം. പുഷ്പകുമാരി, ജോസ് തേറാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.