1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദേശക പത്രിക ഇന്ന് മുതൽ സ്വീകരിക്കും. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികൾ എല്ലാവരും ഏപ്രിൽ രണ്ട്, മൂന്ന്, നാല് തീയതികളിലായാണ് പത്രിക സമർപ്പിക്കുക. എൻ.ഡി.എ സ്ഥാനാർത്ഥി എപ്രിൽ രണ്ടിന് പത്രിക നൽകാനാണ് തിരുമാനം. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ മൂന്നിനും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നാലിനുമാണ് പത്രിക സമർപ്പിക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതുഅവധി ദിനങ്ങളായ മാർച്ച് 29, 31, ഏപ്രിൽ ഒന്ന് എന്നീ ദിവസങ്ങൾ ഒഴികെ പത്രിക നൽകാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പത്രികാസമർപ്പണത്തിനുള്ള സമയം. പത്രികകൾ ജില്ലാ വരണാധികാരിയായ കളക്ടർക്കോ പ്രത്യേക ചുമതല നൽകിയിട്ടുള്ള സഹവരണാധികാരിയായ തൃശൂർ സബ് കളക്ടർക്കോ സമർപ്പിക്കാം. ഒരു സ്ഥാനാർഥിക്ക് പരമാവധി നാല് സെറ്റ് പത്രികകൾ വരെ നൽകാം.
നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചുപേർ മാത്രമേ വരണാധികാരിയുടെ ഓഫീസിൽ പ്രവേശിക്കാവൂ. പൊതു വിഭാഗത്തിന് 25000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12500 രൂപയുമാണ് സ്ഥാനാർത്ഥികൾ കെട്ടിവയ്‌ക്കേണ്ട തുക.