കൊടുങ്ങല്ലൂർ : നിർദ്ദിഷ്ട തീരദേശപാതയുടെ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നു. നിലവിലെ അലൈൻമെന്റ് എറിയാട് പഞ്ചായത്തിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളെയും കുടുംബങ്ങളെയും വഴിയാധാരാമാക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പടെ നിരവധി സംഘടനകളാണ് അലൈൻമെന്റ് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികൾ ഇവരുടെ ആവശ്യത്തിന് പിന്തുണ നൽകുന്നുണ്ടെങ്കിലും അലൈൻമെന്റ് മാറ്റം ഇപ്പോഴുമുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. എറിയാട് പഞ്ചായത്തിനെ കീറിമുറിക്കുന്ന നിർദിഷ്ട തീരദേശപാത തീരത്ത് കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് തീരദേശ ഹൈവേ സംരക്ഷണ സമതിയുടെ നേതൃത്വത്തിൽ ഏപ്രിൽ മദ്ധ്യത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന് സ്ഥിരം സമരപ്പന്തലുണ്ടാകും.
തീരദേശപ്പാത സമുദ്രനിരപ്പിൽ നിന്ന് ഏകദേശം ആറടിയോളം ഉയരത്തിൽ കരിങ്കൽ ഭിത്തികളൊ കോൺക്രീറ്റ് പാളികളൊ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ കടൽ തീരത്തിന് തീരദേശ ഹൈവെ ഒരു സംരക്ഷണ ഭിത്തിയായി മാറുമെന്നും കൂടാതെ ചുരുങ്ങിയ ചെലവിൽ തീരദേശ വികസനം നടപ്പാക്കാൻ കഴിയുമെന്നും എറിയാട് കടപ്പൂർ വെൽഫയർ ട്രസ്റ്റ് യോഗം അഭിപ്രായപ്പെട്ടു. നിലവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അലൈൻമെന്റ് മാറ്റി പുതിയത് തീരദേശത്ത് കൂടി തന്നെ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഡോ. കെ.കെ. നസീർ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. ടി.ഇ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യൂസഫ് തണ്ടാശ്ശേരി, എ.കെ. അലിക്കുഞ്ഞി, കരീം തെറ്റാലിപ്പറമ്പിൽ, ജബ്ബാർ കാരെക്കാട്ട്, സി.എ. ഹുസൈൻ, ഷെമീർ യൂസഫ്, ഷിയാസ് തുടങ്ങിയവർ സംസാരിച്ചു.
മുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരും
നിലവിലെ അലൈൻമെന്റ് പ്രകാരം പാത വരികയാണെങ്കിൽ പുരാതനമായ എറിയാട് ചന്ത മുതൽ അഴീക്കോട് ജെട്ടി വരെയുള്ള ഭാഗങ്ങളിലെ 90 ശതമാനം കെട്ടിടങ്ങളും പൊളിച്ചു നീക്കേണ്ടി വരും. അതിലുൾപ്പെട്ട മുന്നൂറിലധികം കച്ചവട സ്ഥാപനങ്ങളും അതിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെയും ജീവിതം വഴിമുട്ടുകയും ചെയ്യും. മാത്രമല്ലാ എറിയാട് എ.എം.ഐ.യു.പി സ്‌കൂൾ, മേനോൻ ബസാർ സർക്കാർ യു.പി സ്‌കൂൾ, എറിയാട് മുഹമ്മദ് അബ്ദുറഹ്മാൻ വായനശാല, എറിയാട്, അഴീക്കോട് സർവീസ് സഹകരണ ബാങ്കുകൾ, കൊടുങ്ങല്ലൂർ ടൗൺ ബാങ്കിന്റെ ബ്രാഞ്ച്, ആരാധാലയങ്ങൾ തുടങ്ങിയവയ്ക്ക് വലിയ നാശം സംഭവിക്കുകയും ചെയ്യുമെന്ന് തീരദേശ ഹൈവേ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. അലൈൻമെന്റ് മാറ്റാൻ തയ്യാറാകാത്തപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് ഹൈവേ സംരക്ഷണ സമിതിയുടെ തീരുമാനം.