തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന് വലിയവരമ്പിൽ നൽകിയ സ്വീകരണം.
തൃപ്രയാർ : തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ നാട്ടിക മണ്ഡലത്തിൽ പര്യടനം നടത്തി. രോഗികളെ സന്ദർശിച്ചും അവർക്കൊപ്പം പ്രഭാത ഭക്ഷണം പങ്കിട്ടുമാണ് സുനിൽകുമാർ നാട്ടികയിലെ പര്യടനം ആരംഭിച്ചത്. രാവിലെ വലപ്പാട് പഞ്ചായത്തിലെ എടമുട്ടം സെന്ററിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. ടി.ആർ. രമേഷ്‌കുമാർ, എം.എ ഹാരിസ് ബാബു, കെ.പി. സന്ദീപ്, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, സി.സി. മുകുന്ദൻ എം.എൽ.എ, ഗീത ഗോപി, വി.ആർ. ബാബു, എ.എസ്. ദിനകരൻ, പി.ആർ. വർഗീസ്, കെ.കെ. അനിൽ, സി.ആർ. മുരളീധരൻ, എം. സ്വർണലത എന്നിവർ സംസാരിച്ചു. വലപ്പാട്, നാട്ടിക, തളിക്കുളം, താന്ന്യം, ചാഴൂർ, അന്തിക്കാട് പഞ്ചായത്തുകളിലെ ഗ്രാമവീഥികളിലൂടെ സ്ഥാനാർത്ഥിയെത്തിയപ്പോൾ കാർഷിക വിഭവങ്ങളും പൂച്ചെണ്ടുകളും ഹാരങ്ങളുമായി കുട്ടികളും വയോധികരുമുൾപ്പെടെയുള്ളവർ സുനിൽകുമാറിനെ വരവേറ്റു.
വൈകിട്ട് ചേർപ്പ്, അവിണിശ്ശേരി, പാറളം പഞ്ചായത്തുകളിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം രാത്രി എട്ടരയോടെ ചേനം സെന്ററിൽ സ്ഥാനാർത്ഥി പര്യടനത്തിന്റെ സമാപന സമ്മേളനം നടന്നു. മുൻ എം.പി: സി.എൻ. ജയദേവൻ സമാപനം ഉദ്ഘാടനം ചെയ്തു.