കൊടുങ്ങല്ലൂർ : എസ്.എൻ. പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ ചേരിപ്പോര് കടുത്തതോടെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു. മണ്ഡലം പ്രസിഡന്റുമായുള്ള ഭിന്നതയെത്തുടർന്നാണ് ശീതസമരം. പ്രസിഡന്റിന്റെ വിവേചന രാഷ്ട്രീയത്തിലും ധാർഷ്ട്യത്തിലും മനംമടുത്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറയുന്നു. ആമണ്ടൂരിലെ സംസ്‌കാരിക സംഘടനയായ ദൃശ്യ കലാകേന്ദ്രം എന്ന ജനകീയ ക്ലബ് ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത 12 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്വന്തം സ്ഥലത്ത് കെട്ടിടം പണിയാൻ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ കൊണ്ട് ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. അതിന് മീതെ ലൈബ്രറി, റീഡിംഗ് റൂം, ഡേ കെയർ എന്നിവയ്ക്ക് അഞ്ചു ലക്ഷത്തി എൺപതിനായിരം രൂപ എം.പി ഫണ്ടിൽ നിന്നും നടപടികൾ പൂർത്തീകരിച്ച് അനുവദിച്ചിരുന്നു. ക്ലബ്ബിന് എം.പി ഫണ്ട് പാസായത് അറിഞ്ഞ എസ്.എൻ. പുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആമണ്ടൂർ ദൃശ്യകലാ കേന്ദ്രം സി.പി.എം നേതൃത്വം നൽകുന്നതാണെന്നും കോൺഗ്രസിനെ ഇല്ലാതാക്കാനുള്ളവരുടെ കൈകളിൽ എം.പി ഫണ്ട് എത്തരുതെന്ന് പറഞ്ഞ് ബെന്നി ബെഹ്നാൻ എം.പിയെ പിന്തിരിപ്പിച്ച് പാസാക്കിയ ഫണ്ട് റദ്ദ് ചെയ്യിപ്പിച്ചെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പ്രദേശത്തെ നേതാക്കളും പ്രവർത്തകരുമടങ്ങിയ 314 പേർ ഒപ്പിട്ട പരാതി കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, യു.ഡി.എഫ് ചെയർമാൻ, എം.പി, ഡി.സി.സി പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്നിവർക്ക് നൽകിയതായാണ് വിവരം. പരാതി സംബന്ധിച്ച് നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നെങ്കിലും ഇതുവരെ തീരുമാനമുണ്ടാകാത്തതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വിട്ടുനിൽക്കുന്നത്.