accident-lorry

തൃപ്രയാർ: നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ദേശീയ പാത 66ൽ തൃപ്രയാർ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ ചാവക്കാട് സ്വദേശി അമ്പലത്ത് വീട്ടിൽ രജീബിന് (37) പരിക്കേറ്റു, രജീബിനെ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

വല്ലാർപാടത്ത് നിന്നും അരി കയറ്റി കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആഘാതത്തിൽ ലോറിയുടെ കാബിൻ വേർപെട്ട നിലയിലായിരുന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.

ജംഗ്ഷനിൽ ദേശീയപാതയുടെ തെക്കുഭാഗത്തെ ഡിവൈഡർ പൂർണമായി തകർന്നിട്ടുണ്ട്. അപകടത്തിൽ പെട്ട്‌ ലോറിയിലുണ്ടായിരുന്ന അരി രാവിലെ ഒമ്പതോടെ മറ്റൊരു ലോറിയിൽ കയറ്റി കൊണ്ടുപോയി.