
ഏങ്ങണ്ടിയൂർ: സ്‌പെയിനിലെ ചിത്രലോകത്ത് ഇന്ത്യൻ ചിത്രകലയുടെ കൊടിയടയാളവുമായി ഏങ്ങണ്ടിയൂർ സ്വദേശി. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി സുധി പീപ്പിയ് എന്ന ചിത്രകലാകാരനാണ് കോർഡൊബയിൽ നടന്ന ഇന്റർനാഷണൽ വാട്ടർകളർ ഫെസ്റ്റിവലിൽ പങ്കെടുത്ത് താരമായത്.
മാർച്ച് 14 മുതൽ 24 വരെ നടന്ന പരിപാടിയിൽ 42 രാജ്യങ്ങളിലെ 238 ആർട്ടിസ്റ്റുകൾ പങ്കെടുത്തു. ഫെസ്റ്റിവലിലെ ഏക ഇന്ത്യൻ കലാകാരനാണ് സുധി. ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പോകാൻ പണമില്ലാതെ പ്രതിസന്ധിയിലായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം, സ്വന്തം ക്ലബ്ബ്, നാട്ടുകാർ, പ്രവാസി സംഘടനകൾ, കലാകാര സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ് ചെലവ് ഏറ്റെടുത്തത്.
ഏഴായിരത്തോളം എൻട്രികളിൽ നിന്നുമാണ് 228 ചിത്രങ്ങൾ തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം ഇവിടെ നടന്ന ഫെസ്റ്റിവലിലും സുധിക്ക് ക്ഷണം ലഭിച്ചു. സാമ്പത്തിക പ്രയാസത്തെ തുടർന്ന് അന്ന് നേരിട്ട് പങ്കെടുക്കാനായില്ല. അന്നത്തെ മികച്ച ചിത്രത്തിനുള്ള അവാർഡും സ്വന്തമാക്കി. അന്റലുഷൻ സിറ്റി കൗൺസിലും സ്‌പെയിനിലെ പ്രമുഖ ആർട്ട് മെറ്റീരിയൽ സ്ഥാപനവുമായ ആർട്ട് 21 ഓൺലൈനും സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. യൂറോപ്യൻ ചിത്രകാരന്മാരുടെ ക്ലാസുകൾ, ഗൈഡഡ് ടൂറുകൾ, സെമിനാറുകൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടായി. ചേറ്റുവാ എം.ഇ.എസ് ആശുപത്രിക്ക് കിഴക്കുവശത്താണ് സുധിയുടെ കുടുംബം. വർഷങ്ങളായി ചിത്രകലാ അദ്ധ്യാപകനാണ്. ഇപ്പോൾ പാവറട്ടി സർസയ്യിദ് ഇംഗ്ളീഷ് സ്കൂളിൽ ചിത്രകലാ അദ്ധ്യാപകൻ.
ലോകത്തിന്റെ വിവിധ മേഖലകളിൽ നടന്ന വാട്ടർ കളർ എക്‌സിബിഷനുകളിൽ പങ്കെടുത്തു. അർജന്റീന, സ്‌പെയിൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും മികച്ച പെയിന്റിംഗിനുള്ള അവാർഡ് കരസ്ഥമാക്കി. ചേറ്റുവ പരേതനായ നെടുമാട്ടുമ്മൽ സുധാകരൻ, തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ആതിര. മകൾ: ഇശൽ.
ഫെസ്റ്റിവലിലെ ഏക ഇന്ത്യക്കാരൻ
42 രാജ്യങ്ങൾ
238 ആർട്ടിസ്റ്റുകൾ
228 ചിത്രങ്ങളിലൊന്നായി നെയ്ത്തുകാരി വൃദ്ധയുടെ ചിത്രം