canal
ഇനിയും കനാൽ വൃത്തിയാക്കാത്ത സൗത്ത് ചാലക്കുടിയിലെ കാനറി പ്രദേശം


ചാലക്കുടി: കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ തുടർച്ചയായി നാലു ദിവസം വെള്ളം വന്നിട്ടും വെള്ളമെത്താതെ കണ്ണംകുളം. എന്നാൽ ഒഴുക്ക് തടസപ്പെട്ടതോടെ കൂടപ്പുഴയിൽ കനാൽവെള്ളം നിറഞ്ഞെഴുകുകയാണ്. കണ്ണംകുളം നിറയ്ക്കുന്ന ദൗത്യത്തിന് ഇനിയും കടമ്പകൾ ഏറെ കടക്കണം. 2019ൽ പതിനഞ്ച് ദിവസം തുടർച്ചയായി വെള്ളം വെള്ളം ഒഴുക്കിയാണ് ഇറിഗേഷൻ ക്വാർട്ടേഴ്‌സിന് സമീപത്തെ ജലസേചന വകുപ്പിന്റെ ടെയിൽ എന്റിൽ വെള്ളമെത്തിച്ചത്. കഴിഞ്ഞ 2 വർഷം വേനൽ മഴ ലഭിച്ചതിനാൽ കണ്ണംകുളം നിറക്കേയ്ണ്ട ആവശ്യമുണ്ടായില്ല. വെട്ടുകടവിലെ ആഴമേറിയ കനാൽ ഭാഗത്തുനിന്നും വെള്ളം നീങ്ങാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇവിടെ അടിഞ്ഞു കിടക്കുന്ന മണ്ണ് ഇതുവരെയും നീക്കം ചെയ്തിട്ടില്ല. കനാലു വഴി വെള്ളം എത്തുന്ന മുറയ്ക്ക് മാലിന്യം നീക്കുമെന്നാണ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയത്. എന്നാൽ കനാൽ വൃത്തിയാക്കൽ ഇക്കുറി കാര്യക്ഷമമായി നടത്തിയില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഒഴുക്ക് തടസപ്പെട്ടതോടെ കൂടപ്പുഴയിൽ കനാൽവെള്ളം നിറഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്. ഇതിനിടെ കണ്ണുകുളം മേഖലയിൽ നെൽകൃഷിയില്ലാത്തതിനാൽ അധികം ദിവസം വെള്ളം വിടാനാകില്ലെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നു. 4 ദിവസം വെള്ളം എത്തിയതോടെ കൂടപ്പുഴ മേഖലയിൽ നൂറു കണക്കിന് വീട്ടുകാർക്ക് ആശ്വാസമായി. കിണറുകളിൽ ആവശ്യത്തിന് വെള്ളമെത്തി. എന്നാൽ കണ്ണംകുളത്തിൽ വെള്ളം എത്തിയില്ലെങ്കിൽ പള്ളി പരിസരം മുതൽ കെ.കെ. റോഡ് വരെയുള്ള പ്രദേശത്ത് വലിയ കുടിവെള്ളക്ഷാമത്തിനിടയാക്കും.