trees
പോട്ട-കവല സമാന്തര റോഡിൽ മുറിച്ചുനീക്കാനുള്ള മരങ്ങൾ

ചാലക്കുടി: പോട്ട കവല സർവീസ് റോഡ് വികസനത്തിന് തടസമായ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തി നീളുന്നു. സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച 9.20 ലക്ഷം രൂപയ്ക്ക് മരങ്ങൾ മുറിച്ചെടുക്കാൻ ആളെത്താത്തതാണ് തലവേദനയായത്. ലേലത്തിൽ പങ്കെടുത്തതിൽ ഏറ്റവും ഉയർന്ന വില ക്വാട്ട് ചെയ്തത് 6 ലക്ഷം രൂപയായിരുന്നു. എന്നാൽ 9.20 ലക്ഷം തന്നെ ലഭിക്കണമെന്നാണ് എൻ.എച്ച്.ഐ.എ തീരുമാനം. റോഡ് വീതി കൂട്ടുന്നതിന്റെ മുന്നോടിയായി 7.5 ലക്ഷം രൂപ സ്വകാര്യ വ്യക്തികൾക്ക് നൽകിയാണ് മരങ്ങൾ ഏറ്റെടുത്തത്. ചില സ്വകാര്യ വ്യക്തികൾ നഷ്ടം സഹിച്ചും പ്രസ്തുത തുകയ്ക്ക് മരങ്ങൾ മുറിക്കാൻ തയ്യാറായി വന്നെങ്കിലും നിയമത്തിന്റെ നൂലാമാല തടസമായെന്നും പറയുന്നു.
മരങ്ങൾ മുറിച്ച ശേഷം വീതി 11 മീറ്ററാക്കുകയും സർവീസ് റോഡിലൂടെ രണ്ടുവരി ഗതാഗതം നടത്താനുമാണ് നഗരസഭയും എം.എൽ.എയും ശ്രമിക്കുന്നത്. ഗുരുതരമായ ചട്ടലംഘിച്ചാണ് പോട്ടകവല റോഡിൽ ഇപ്പോൾ വാഹന ഗാതാഗതം നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പോട്ടയിൽ നിന്നും ചാലക്കുടി പ്രദേശത്തേയ്്ക്കുള്ള വാഹനങ്ങൾ മാത്രമെ ഇതിലൂടെ സഞ്ചരിക്കാനാകു. എന്നാൽ പൊലീസിന്റെ നിർദ്ദേശങ്ങൾ തള്ളിയാണ് ഇപ്പോഴും രണ്ടുവരി ഗതാഗതം നടത്തുന്നത്. ഇതുമൂലം പ്രസ്തുത റോഡിൽ അപകടങ്ങൾ സ്ഥിരമാണ്.